ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തി റേച്ചൽ ഡാലി, യൂറോ കപ്പ് ജേതാവിനെ ടീമിൽ എത്തിച്ചു ആസ്റ്റൺ വില്ല

വനിത സൂപ്പർ ലീഗിൽ ഇംഗ്ലണ്ടിന്റെ 30 കാരിയായ ഫുൾ ബാക് റേച്ചൽ ഡാലിയെ ടീമിൽ എത്തിച്ചു ആസ്റ്റൺ വില്ല. അമേരിക്കൻ കോളേജ് ടീമിൽ കളി തുടങ്ങിയ റേച്ചൽ 7 കൊല്ലമായി അമേരിക്കൻ ക്ലബ് ആയ ഹൂസ്റ്റൺ ഡാഷിൽ ആയിരുന്നു കളിച്ചത്. അമേരിക്കൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ യൂറോപ്യൻ താരമായ റേച്ചൽ ഹൂസ്റ്റൺ ഡാഷ് ക്യാപ്റ്റനും അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിയും കൂടിയായിരുന്നു.

ഹൂസ്റ്റണിനു ആയി 95 മത്സരങ്ങൾ കളിച്ച റേച്ചൽ 2020 ഇടക്ക് വെസ്റ്റ് ഹാം യുണൈറ്റഡിൽ ലോണിൽ കളിച്ചിരുന്നു. 2016 ൽ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ച റേച്ചൽ 2022 യൂറോ കപ്പിൽ സറീന വിങ്മാന്റെ ടീമിലെ പ്രധാന സാന്നിധ്യം ആയിരുന്നു. ഇംഗ്ലണ്ടിന് ആയി യൂറോയിൽ എല്ലാ മത്സരത്തിലും റേച്ചൽ കളിച്ചിരുന്നു. താരത്തിന്റെ വരവ് വില്ല വനിതകൾക്ക് വലിയ കരുത്ത് തന്നെയാവും നൽകുക.