2020ൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും എന്ന് ഉറപ്പായതോടെ ആ ലോകകപ്പിൽ കളിക്കാനുള്ള ടീം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ത്യ പങ്കെടുക്കുന്ന രണ്ടാമത്തെ ലോകകപ്പ് മാത്രമായിരിക്കും ഇത്. അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിൽ ടീമിനെ ഒരുക്കിയത് രീതിയിൽ തന്നെ ടീം ഒരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ അത്ര സമയം ഇന്ത്യക്ക് മുന്നിൽ ഇല്ലാത്തതിനാൽ എങ്ങനെ ഇത് പ്രാവർത്തികമാകും എന്ന് വ്യക്തമല്ല.
ഇനി വരുന്ന സീസണിൽ ഒരു വനിതാ ദേശീയ ലീഗ് ആരംഭിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ വുമൺസ് ലീഗിൽ നിന്ന് മാറി ഒരു സീസൺ മുഴുവൻ നീണ്ടു നിക്കുന്ന ലീഗ് ആകും ഇനി ഉണ്ടാവുക. ദേശീയ വനിതാ ചാമ്പ്യൻഷിപ്പ് മുതൽ കുട്ടികളെ സ്കൗട്ട് ചെയ്ത് തുടങ്ങുമെന്നും എ ഐ എഫ് എഫ് പറഞ്ഞു. അണ്ടർ 14, അണ്ടർ 16 ഏജ് കാറ്റഗറികളിൽ സ്ഥിരമായി ടീമുകൾ നിലനിർത്താനും ഇന്ത്യൻ തീരുമാനിച്ചിട്ടുണ്ട്.
ലോകകപ്പിനായി സ്റ്റേഡിയങ്ങളും മറ്റും ഒരുക്കേണ്ട ആവശ്യമില്ല. ഇന്ത്യക്ക് മികച്ച ഗ്രൗണ്ടുകൾ ഇപ്പോൾ തന്നെ ഉണ്ട്. ഒരു മികച്ച ടീം മാത്രമാണ് ഇന്ത്യയുടെ പ്രശ്നം എന്നും എ ഐ എഫ് എഫ് അറിയിച്ചു.
രണ്ട് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു വലിയ ഊർജ്ജമാകും എന്നാണ് കരുതപ്പെടുന്നത്.