വനിത യൂറോ കപ്പിൽ റെക്കോർഡ് ജേതാക്കൾ ആയ ജർമ്മനി അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. രണ്ടാം മത്സരത്തിൽ കരുത്തരായ സ്പാനിഷ് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് ജർമ്മനി മുന്നോട്ടുള്ള പ്രയാണം ഉറപ്പിച്ചത്. ചരിത്രത്തിൽ ഇത് വരെ ജർമ്മനിയോട് ജയിക്കാൻ സാധിക്കാത്ത സ്പെയിൻ ആ റെക്കോർഡ് തിരുത്താൻ ആണ് മത്സരത്തിന് ഇറങ്ങിയത്. അപ്പുറത്ത് കോവിഡ് കാരണം ലീ ഷർലെയെ നഷ്ടമായ ജർമ്മനി അവർക്ക് പകരം ക്യാപ്റ്റൻ അലക്സാന്ദ്ര പോപ്പിനെ ആണ് കളത്തിൽ ഇറക്കിയത്. ആദ്യ പകുതിയിൽ ക്യാപ്റ്റന്റെ പ്രകടനം ആണ് വോൾവ്സ്ബർഗ് താരം മത്സരത്തിൽ പുറത്തെടുത്തത്.
പന്ത് കൂടുതൽ നേരം കൈവശം വച്ച സ്പാനിഷ് ടീം ചില അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. മൂന്നാം മിനിറ്റിൽ സ്പാനിഷ് ഗോൾ കീപ്പർ വരുത്തിയ വമ്പൻ മണ്ടത്തരം മുതലെടുത്ത ബയേൺ മ്യൂണിക് താരം ക്ലാര ബുഹ്ൽ ജർമ്മനിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ ഫെലിസിറ്റാസ് റോച്ചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ പോപ്പ് ജർമ്മൻ ജയം ഉറപ്പിക്കുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഫിൻലാന്റിന് എതിരെ പകരക്കാരിയായി ഇറങ്ങി ഗോൾ നേടിയ പോപ്പ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടത്തി. തുടർന്ന് ഗോൾ നേടാൻ സ്പെയിൻ ശ്രമിച്ചു എങ്കിലും ജർമ്മൻ പ്രതിരോധം കുലുങ്ങിയില്ല. നിലവിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഡെന്മാർക്കിനോട് ജയിച്ചാൽ മാത്രമേ സ്പെയിനിനു ടൂർണമെന്റിൽ മുന്നേറാൻ സാധിക്കുകയുള്ളൂ.