ഓസ്ട്രിയയോട് തോറ്റ് വടക്കൻ അയർലന്റ് വനിത യൂറോയിൽ നിന്നു പുറത്ത്

വനിത യൂറോയിൽ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയയോടും തോറ്റതോടെ വടക്കൻ അയർലന്റ് ടൂർണമെന്റിൽ നിന്നു പുറത്തായി. വടക്കൻ അയർലന്റിന് എതിരെ ഇത് വരെ പരാജയം അറിയാതെ മത്സരത്തിന് എത്തിയ ഓസ്ട്രിയക്ക് തന്നെ ആയിരുന്നു മത്സരത്തിൽ ആധിപത്യം. 19 മത്തെ മിനിറ്റിൽ വെർഡർ ബ്രമൻ താരം കാതറീന ഷെയിച്ചിൽ ആണ് ഓസ്ട്രിയക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. സാറാ പുടിങാമിന്റെ ഫ്രീകിക്കിൽ നിന്നു വീണു കിട്ടിയ കാതറീന ഗോൾ ആക്കി മാറ്റുക ആയിരുന്നു. ആദ്യ പകുതിക്ക് മുമ്പ് അയർലന്റ് ഗോൾ കീപ്പറുടെ മികച്ച രക്ഷപ്പെടുത്തൽ ഓസ്ട്രിയയുടെ രണ്ടാം ഗോൾ തടഞ്ഞു.

രണ്ടാം പകുതിയിൽ വടക്കൻ അയർലന്റ് ആയിരുന്നു കൂടുതൽ മികച്ചു നിന്നത്. എന്നാൽ 88 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ കാതറീന നാസ്ചെൻവെങ് ഓസ്ട്രിയ ജയം ഉറപ്പിച്ചു. സാറാ പുടിങാമിന്റെ മറ്റൊരു ഫ്രീക്കിക്കിൽ നിന്നു മികച്ച ഒരു ഗോളിലൂടെ ആണ് കാതറീന ഓസ്ട്രിയൻ ജയം ഉറപ്പിച്ചത്. ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ നോർവെ ആണ് ഓസ്ട്രിയയുടെ എതിരാളി അതേസമയം ചരിത്രത്തിലെ ആദ്യ വലിയ ടൂർണമെന്റിന് എത്തിയ വടക്കൻ അയർലന്റ് അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ ആണ് നേരിടുക.