വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിനും വിജയ തുടക്കം

ഫ്രാൻസിൽ നടക്കു‌ന്ന വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് സ്കോട്ലൻഡിനെ ആണ് ആദ്യ പോരിൽ ഇംഗ്ലണ്ട് തോൽപ്പിച്ചത്. അത്ര എളുപ്പമല്ലായിരുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ ഗംഭീര പ്രകടനമായിരുന്നു ഇംഗ്ലണ്ട് കാഴ്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ പ്രകടനം പിറകിലേക്ക് പോയി. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

ആദ്യം ഒരു പെനാൾട്ടിയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി താരം നികിത പാരിസ് ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. നാൽപ്പതാം മിനുട്ടിൽ എലിയറ്റ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ സ്കോട്ട്‌ലൻഡ് ക്ലാരി എംസ്ലിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം പോകാൻ സ്കോട്ട്‌ലൻഡിനായില്ല. ഇനി 15ആം തീയതി അർജന്റീനയ്ക്ക് എതിരെ ആണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.