വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ആവേശകരമായ പോരാട്ടത്തിൽ അമേരിക്കയും ഇംഗ്ലണ്ടുമാണ് നേർക്കുനേർ വരുന്നത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക തന്നെയാണ് ഇന്നത്തെ പോരാട്ടത്തിലും ഫേവറിറ്റ്സ്. ആതിഥേയരായ ഫ്രാൻസിനെ ക്വാർട്ടറിൽ തറപറ്റിച്ചാണ് അമേരിക്കയുടെ വരവ്. പ്രീക്വാർട്ടറിൽ സ്പെയിനിനോട് പതറിയത് ഒഴിച്ചാൽ ബാക്കി മുഴുവൻ മത്സരങ്ങളും ഏകപക്ഷീയമായി തന്നെ ജയിച്ച ടീമാണ് അമേരിക്ക.
വിങ്ങർ റപിനോയുടെ ഫോമാണ് അമേരിക്കയുടെ പ്രധാന കരുത്ത്. അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടിയ റപിനോ അഞ്ച് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആണിപ്പോൾ. ആദ്യ മത്സരത്തിനു ശേഷം ഗോളടിക്കാൻ മറന്നു പോയ അലക്സ് മോർഗൻ കൂടെ ഫോമിൽ എത്തുകയാണെങ്കിൽ ഇംഗ്ലണ്ട് അമേരിക്കയ്ക്ക് എതിരെ വിയർക്കും.
ഇംഗ്ലീഷ് നിരയ്ക്ക് ഇത് സ്വപ്ന കുതിപ്പാണ്. പരിശീലകൻ ഫിൽ നെവിൽ രാജ്യത്തെ ആദ്യ വനിതാ ലോകകപ്പ് കിരീടത്തിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ക്വാർട്ടറിൽ നോർവേയെ എളുപ്പത്തിൽ തറപറ്റിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയത്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്നത് ഇംഗ്ലീഷ് ഡിഫൻസിന്റെ കരുത്ത് കാട്ടുന്നു. ഹൗട്ടൺ, ബ്രൈറ്റ്, ലൂസി ബ്രോൺസ് എന്നിവരൊക്കെ ഡിഫൻസിൽ ഉരുക്കു കോട്ട തീർക്കുകയാണ്.
ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വെർക്കിൽ കാണാം.