കോവിഡ് വലച്ചു വനിത യൂറോ, ഇംഗ്ലീഷ് ടീം പരിശീലകക്കും കോവിഡ്

വനിത യൂറോ കപ്പിനു കൂടുതൽ കൂടുതൽ വെല്ലുവിളികൾ നൽകി കോവിഡ്. നിലവിൽ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ, ഇംഗ്ലണ്ടിന്റെ ലോട്ടെ വുബൻ മോയി, ജർമ്മനിയുടെ ലീ ഷർലെ എന്നീ താരങ്ങൾ കോവിഡ് ബാധിതരായി വിശ്രമത്തിൽ ആണ്. അതിനു പിറകെയാണ് ഇംഗ്ലീഷ് പരിശീലക സറീന വിങ്മാനും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് വനിത യൂറോക്ക് വലിയ ഭീഷണി ആവുകയാണ്.

ഇതോടെ പരിശീലകയുടെ അഭാവത്തിൽ ആവും ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് വടക്കൻ അയർലാന്റിനെ നേരിടാൻ ഒരുങ്ങുക. സഹ പരിശീലകൻ അർഹൻ വെയുരിങ്ക് ആവും ഇംഗ്ലണ്ടിനൊപ്പം ഇന്ന് ഉണ്ടാവുക. നിലവിൽ ഇതിനകം ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നോർവെയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്ത ഇംഗ്ലണ്ട് സമാന പ്രകടനം ആവും ലക്ഷ്യം വക്കുക. അടുത്ത ബുധനാഴ്ച ആണ് ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.