ഇന്ന് വനിതാ ചാമ്പ്യൻസ് ലീഗിൽ കിരീട പോരാട്ടമാണ്. ആദ്യ കിരീടം തേടി ബാഴ്സലോണയും ചെൽസിയും ആണ് ഇന്ന് നേർക്കുനേർ വരുന്നത്. അവസാന നാലു സീസണിലും ലിയോൺ ആയിരുന്നു വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഇത്തവണ ലിയോണിന് ക്വാർട്ടർ ഫൈനലിൽ കാലിടറിയിരുന്നു. ലിയോണിനെ തോൽപ്പിച്ച പി എസ് ജിയെ മറികടന്നാണ് ബാഴ്സലോണ ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്.
ബാഴ്സലോണ കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നു. ഇന്ന് ആദ്യ കിരീടം തന്നെയാകും ബാഴ്സലോണയുടെ ലക്ഷ്യം. ഈ സീസണിൽ ബാഴ്സലോണ ഗംഭീര ഫോമിലാണ് കളിക്കുന്നത്. സ്പാനിഷ് ലീഗിൽ എല്ലാ മത്സരങ്ങളും വിജയിച്ച് അവർ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. ചെൽസിയും ഇംഗ്ലണ്ടിൽ ലീഗ് കിരീടം ഉറപ്പിച്ചാണ് ഇന്ന് ഫൈനലിന് എത്തുന്നത്. ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. സാം കെറിന്റെയും ഫ്രാൻ കിർബിയുടെയും അറ്റാക്കിംഗ് കൂട്ടുകെട്ടാണ് ചെൽസിയുടെ കരുത്ത്.
ഇന്നത്തെ മത്സരം രാത്രി 12.30നാണ്. കളി തത്സമയം യുവേഫ ടിവിയിൽ കാണാം.