ഇന്നലെ നടന്ന വനിത ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് സെമിയിൽ എത്തിയ യു.എസ് ടീം ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിച്ചു. വനിത ലോകകപ്പിൽ തുടർച്ചയായ 10 പ്രാവശ്യവും ജയം കണ്ട അവർ 90 കളിൽ നോർവെ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് എത്തിയത്. വാശിയേറിയ മത്സരത്തിൽ പല കണക്കൂട്ടലുകളും തെറ്റിച്ചാണ് യു.എസ് ജയം കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യു.എസ് ജയം. കൂടാതെ ഇത് തുടച്ചയായ 15 മത്തെ ജയമാണ് യു.എസ് നേടുന്നത്. 2 ഗോളുകൾ നേടിയ മെഗൻ റെപിയോനെയാണ് അമേരിക്കക്കു ജയം ഒരുക്കിയത്. ഇതോടെ ലോകകപ്പിൽ തുടർച്ചയായ 2 നോക്കോട്ട് കളികളിലും ഗോൾ നേടുന്ന ആദ്യതാരമായി മെഗൻ മാറി.
ലോകക്കപ്പിൽ ഇത് വരെ 2 അസിസ്റ്റുകൾ സ്വന്തമായുള്ള മേഗൻ ഇതോടെ 5 ഗോളോടെ ടോപ്പ് സ്കോറർമാരിൽ ഒരാളുമായി. ലോകകപ്പിൽ ഉടനീളം ലക്ഷ്യത്തിലേക്കടിച്ച മേഗന്റെ 5 ഷോട്ടുകളും ഗോളിൽ കലാശിച്ച് എന്നതാണ് മറ്റൊരു സവിശേഷത. ആദ്യപകുതിയിൽ 5 മത്തെ മിനിറ്റിൽ ഫ്രാൻസ് പ്രതിരോധത്തിലെ അബദ്ധം മേഗന്റെ ഫ്രീകിക്ക് ഗോളിന് വഴി വച്ചപ്പോൾ രണ്ടാം പകുതിയിൽ 65 മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഹീത്തിന്റെ പാസ്സിലാണ് മേഗൻ രണ്ടാം ഗോൾ നേടിയത്. കളിയിൽ ഉടനീളം ഒൻറി നയിച്ച ഫ്രാൻസ് മധ്യനിര കളി നിയന്ത്രിച്ചെങ്കിലും നല്ല അവസരങ്ങൾ ഉണ്ടാക്കാൻ അവർക്കായില്ല. 75 മിനിറ്റിനു ശേഷം ഉയർന്നു കളിച്ച ഫ്രാൻസിനായി തിയനിയുടെ ഫ്രീക്കിക്കിന് തല വച്ച പ്രതിരോധത്തിലെ ഉയരക്കാരി വെന്റി റെനാർഡ് ആണ് 80 മിനിറ്റിൽ ഫ്രാൻസിന് ആശ്വാസഗോൾ നേടി കൊടുത്തത്.
വനിതാ ക്ലബിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ലിയോൺ താരങ്ങളാൽ നിറഞ്ഞ ഫ്രാൻസ് നിലവിലെ ചാമ്പ്യൻമാർക്കു വെല്ലുവിളി ഉയർത്തിയ പ്രകടനം തന്നെയാണ് പാരീസിലെ കടുത്ത ചൂടിലും പുറത്തെടുത്തത്. ഇത് 8 മത്തെ തവണയാണ് അമേരിക്ക വനിത ലോകകപ്പ് സെമിയിൽ എത്തുന്നത്. സെമിയിൽ ഗാരി നേവില്ലിന്റെ ഇംഗ്ലീഷ് ടീമാണ് മേഗനും സംഘത്തിന്റെയും എതിരാളികൾ. ഇന്ന് നടക്കുന്ന മറ്റ് ക്വാട്ടർ ഫൈനലുകളിൽ ഇറ്റലി നെതർലെന്റ്സിനെയും ജർമ്മനി സ്വീഡനെയും നേരിടും.