ഇന്ത്യ ഒരു ഫുട്ബോൾ ലോകകപ്പിനു കൂടെ ആതിഥ്യം വഹിക്കാൻ പോകുന്നു. 2020ൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് നടത്തുന്ന ഇന്ത്യ ആയിരിക്കും എന്ന് ഫിഫ പ്രഖ്യാപിച്ചു. നേരത്തെ തന്നെ അണ്ടർ 17 ലോകകപ്പിന് ആതിഥ്യം വഹിക്കാനായി ഇന്ത്യ ബിഡ് ചെയ്തിരുന്നു. ഇന്നാണ് ഫിഫ ഇത് അനുവദിച്ചു കൊണ്ട് ഔദ്യോഗിക അറിയിപ്പ് നൽകിയത്.
രണ്ട് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു വലിയ ഊർജ്ജമാകും. ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ടീമായി ഇന്ത്യൻ അണ്ടർ 17 ടീം മാറും.
16 ടീമുകളാണ് അണ്ടർ 17 വനിതാ ലോകകപ്പിൽ പങ്കെടുക്കുക. അതുകൊണ്ട് തന്നെ നാലു വേദികൾ മാത്രമെ ഈ ലോകകപ്പിന് ആവശ്യം ഉണ്ടാകും. പുരുഷ അണ്ടർ 17 ലോകകപ്പ് ആറ് നഗരങ്ങളിൽ ആയായിരുന്നു നടന്നത്. 2020 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുക.