രണ്ട് ഫുട്ബോൾ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോറർ, സാം കെർ ഡാ!!

- Advertisement -

ഒരു കരിയറിൽ ഒരു ഫുട്ബോൾ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആവുക എന്നത് തന്നെ വലിയ കാര്യമാണ്. എന്നാൽ വനിതാ ഫുട്ബോളിലെ ഓസ്ട്രേലിയൻ സൂപ്പർ സ്റ്റാർ സാം കെറിന് ഇതൊന്നും ഒരു കാര്യമല്ല. രണ്ട് ഫുട്ബോൾ ലീഗുകളിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയിരിക്കുകയാണ് സാം കെർ ഇപ്പോൾ. കഴിഞ്ഞ സീസണിൽ വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗായ അമേരിക്കൻ ലീഗിൽ സാം കെർ എക്കാലത്തെയും ടോപ്പ് സ്കോറർ ആയിരുന്നു. ഇപ്പോൾ ഓസ്ട്രേലിയൻ ലീഗിലും അങ്ങനെയൊരു നേട്ടത്തിൽ കെർ എത്തിയിരിക്കുകയാണ്.

ഇന്ന് ഓസ്ട്രേലിയൻ വനിതാ ലീഗിൽ പെർത് ഗ്ലോറിക്കായി നേടിയ ഗോളോടെ ലീഗിൽ 64 ഗോളുകൾ എന്ന നമ്പറിൽ കെർ എത്തി. ലീഗിൽ ഇതുവരെ ടോപ്പ് സ്കോറർ ആയിരുന്ന 63 ഗോളുകൾ എന്ന ഹെയ്മാന്റെ റെക്കോർഡ് ആണ് കെർ ഇതോടെ മറികടന്നത്. സിഡ്നി വാണ്ടറേഴ്സിനെതിരെ രണ്ട് ഗോളുകളാണ് ഇന്ന് കെർ നേടിയത്. മത്സരം പെർത് ഗ്ലോറി 5-1ന് വിജയിക്കുകയും ചെയ്തു. ലീഗിൽ പെർത് ഗ്ലോറി ആണ് ഇപ്പോൾ ഒന്നാമത് ഉള്ളത്.

കഴിഞ്ഞ വർഷം അമേരിക്കയിലും ഓസ്ട്രേലിയയിലും ഒരേ സീസണിൽ തന്നെ കെർ ടോപ്പ് സ്കോറർ ആയിരുന്നു. ഇത്തവണയും സമാനമായ നേട്ടത്തിലേക്കാണ് കെർ എത്തുന്നത്. ഇതിനകം തന്നെ സമാപിച്ച അമേരിക്കൻ ലീഗിൽ കെർ ആയിരുന്നു ടോപ്പ് സ്കോറർ. ഓസ്ട്രേലിയയിലും ഇപ്പോൾ കെർ ആണ് ഗോളടിയിൽ മുന്നിൽ.

Advertisement