ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത, ഇന്ത്യ രണ്ടാം റൗണ്ടിൽ

- Advertisement -

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു. ഇന്ന് ആതിഥേയരായ മ്യാന്മാറിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി രത്നബാലാ ദേവി ആണ് ഗോൾ നേടിയത്.

ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഴു പോയന്റുമായി മ്യാന്മാർ ഒന്നാമതും എത്തി. രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങൾ അടുത്ത വർഷം ഏപ്രിലിൽ ആണ് നടക്കുക. ഇത് ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം കടക്കുന്നത്. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ നേപ്പാളിനോട് ഇന്ത്യ സമനില വഴങ്ങുകയും, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 7-1ന് തകർക്കുകയും ചെയ്തിരുന്നു.

Advertisement