ലിയോണെ തടയാൻ ആരുമില്ല!! തുടർച്ചയായ അഞ്ചാം വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം

- Advertisement -

വനിതാ ഫുട്ബോൾ ലോകത്ത് ലിയോണ് എതിരാളികളായി ആരുമില്ല എന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. തുടർച്ചയായ അഞ്ചാം വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം തങ്ങളുടേതാക്കാൻ ഇന്ന് ലിയോണിനായി. ഫൈനലിൽ വോൾവ്സ്ബർഗിനെ തകർത്തെറിഞ്ഞായിരുന്നു ലിയോണിന്റെ കിരീടനേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോൺ ഇന്ന് വിജയിച്ചത്.

ആദ്യ പകുതിയിൽ തന്നെ ലിയോൺ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 25ആം മിനുട്ടിൽ ലെ സൊമ്മറിന്റെ വകയായിരുന്നു ലിയോണിന്റെ ആദ്യ ഗോൾ. ഫ്രഞ്ച് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ 47ആമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സാകു കുമാഗിയുടെ മനോഹര സ്ട്രൈക്ക് ലിയോണിന്റെ ലീഡ് ഇരട്ടിയാക്കി.

ബോക്സിന് പുറത്ത് നിന്ന് കുമാഗി നേടിയ ആ ഗോൾ തന്നെ ആയിരുന്നു മത്സരത്തിലെ മികച്ച ഗോൾ. രണ്ടാം പകുതിയിൽ വോൾവ്സ്ബർഗ് മെച്ചപ്പെട്ട കളി പുറത്തെടുത്തും ഒരു ഗോൾ നേടാനും അവർക്കായി. 59ആം മിനുട്ടിൽ പോപ്പ് ആണ് ജർമ്മൻ ടീമിനായി ഗോൾ നേടിയത്. പിന്നെ വോൾവ്സ്ബർഗ് സമനില ഗോളിനായി തുടർച്ചയായി ആക്രമണങ്ങൾ നടത്തി. പക്ഷെ 87ആം മിനുട്ടിലെ ഗുണ്ണാർസ്ഡൊടിറിന്റെ ഗോൾ ലിയോൺ വിജയം ഉറപ്പിച്ചു. 2018ലെ ഫൈനലിലും ലിയോൺ വോൾവ്സ്ബർഗിനെ തോൽപ്പിച്ചിരുന്നു. ലിയോണ് ഈ കിരീടത്തോടെ ഏഴ് ചാമ്പ്യൻസ് ലീഗ് കിരീടമായി.

Advertisement