കേരള വനിതാ ഫുട്ബോൾ ലീഗിനു മുമ്പ് സെലിബ്രിറ്റി ഫുട്ബോൾ, റിമ കല്ലിംഗലും മാളവിക ജയറാമും ടീമുകളെ നയിക്കും

Newsroom

കേരള വനിതാ ഫുട്ബോൾ ലീഗിന് മുന്നോടിയായി നാളെ വനിതാ
സെലിബ്രിറ്റി ഫുട്ബോൾ ലീഗ് മത്സരം നടക്കും. നാളെ (ഡിസംബർ 10) വൈകിട്ട് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ വെച്ചാകും സെലിബ്രിറ്റി മത്സരം നടക്കുക. ഒരു ടീമിനെ പ്രമുഖ അഭിനയത്രി റിമ കല്ലിംഗലും മറ്റൊരു ടീമിനെ മാളവിക ജയറാമും ആകും നയിക്കുക. ഇരു ടീമിലും കലാ സാമൂഹിക രംഗത്തെ പ്രമുഖ വനിതകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കപ്പെടുന്നു.

5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കേരള വനിതാ ഫുട്ബോൾ ലീഗ് ഡിസംബർ 11ന് ആണ് ആരംഭിക്കുന്നത്. 6 ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. ഗോകുലം കേരള, ലുക സോക്കർ, കേരള യുണൈറ്റഡ്, കടത്തനാട് രാജ, ഡോൺ ബോസ്കോ, ട്രാവൻകൂർ റോയൽസ് എന്നീ ടീമുകളാണ് വനിതാ ലീഗിന്റെ ഭാഗമാകുന്നത്.

ജനുവരി അവസാനം വരെ ടൂർണമെന്റ് നീണ്ടു നിൽക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങളായി ആകും ലീഗ് നടക്കുക. കേരളത്തിന്റെ അഭിമാനമായ ഗോകുലം ആകും ലീഗിലെ ഫേവറിറ്റ്സ്. ഇപ്പോൾ ഇന്ത്യൻ ചാമ്പ്യന്മാരാണ് ഗോകുലം കേരള വനിതകൾ.