വനിത ലോകകപ്പിൽ ജയിക്കുന്ന ആദ്യ കരീബിയൻ രാജ്യമായി ചരിത്രം എഴുതി ജമൈക്ക. ആദ്യ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച അവർ ആ കളിയിൽ ചുവപ്പ് കാർഡ് കണ്ട പ്രധാന മുന്നേറ്റനിര ഖാദ്ജ ഷാ ഇല്ലാതെയാണ് കളിക്കാൻ ഇറങ്ങിയത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പനാമയെ മറികടന്നതോടെ അവർ തങ്ങളുടെ രണ്ടാം റൗണ്ട് സ്വപ്നങ്ങൾ സജീവമാക്കി.
ആദ്യ പകുതിയിൽ പനാമ ഗോൾ കീപ്പറുടെ മികവ് ആണ് അവരെ ഗോൾ വഴങ്ങുന്നതിൽ നിന്നു തടഞ്ഞത്. ട്രൂഡി കാർട്ടറിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അലിസൺ സ്വാബി ജമൈക്കക്ക് ആയി ചരിത്രം എഴുതി. അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ ആണ് ഇത്. തുടർന്നും മത്സരത്തിൽ ജമൈക്കൻ ആധിപത്യം ആണ് കാണാൻ ആയത്. പരാജയത്തോടെ പനാമ ലോകകപ്പിൽ നിന്നു പുറത്തായി. നിലവിൽ ഗ്രൂപ്പ് എഫിൽ നാലു പോയിന്റുകൾ ഉള്ള ജമൈക്ക, ഫ്രാൻസിന് ഒപ്പം ആണ്. അവസാന മത്സരത്തിൽ ബ്രസീലിനു എതിരെ സമനില നേടാൻ ആയാൽ ജമൈക്കക്ക് അടുത്ത റൗണ്ടിൽ കടക്കാൻ ആവും.