IWL

വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം ഗോകുലം സേതു എഫ്.സിയെ നേരിടും സമനില നേടിയാല്‍ കിരീടം നിലനിര്‍ത്താം

Newsroom

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം.ഗോകുലം കേരള എഫ്.സിയും തമിഴ്‌നാട്ടില്‍ നിന്നുള്ള സേതു എഫ്.സിയുമാണ് കിരീടത്തിനായി പൊരുതുന്നത്. ലീഗില്‍ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഗോകുലം എഫ്.സിയും സേതു എഫ്.സിയും തമ്മില്‍ കിരീടത്തിനായി തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇരു ടീമുകള്‍ക്കും പത്ത് മത്സരത്തില്‍ നിന്ന് 30 പോയിന്റാണുള്ളത്. ഗോള്‍ ഡിഫറൻസ് കൂടുതലുള്ളതിനാല്‍ ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സേതുവിനെതിരേ സമനില ലഭിച്ചാലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാം.

പത്ത് മത്സരത്തില്‍ നിന്ന് മൂന്ന് ഗോളുകള്‍ മാത്രമാണ് ഗോകുലം കേരള ഇതുവരെ വഴങ്ങിയിട്ടുള്ളു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പ്രതിരോധ ഫുട്‌ബോള്‍ കളിച്ചാല്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ രണ്ടാം തവണയും വനിതാ ലീഗ് കിരീടം കേരളത്തിലെത്തിക്കാം. അവാസന മത്സരത്തില്‍ സ്‌പോട്‌സ് ഒഡിഷയെ നേരിട്ട ഗോകുലം കേരള 7-1 എന്ന സ്‌കോറിനായിരുന്നു വിജയം സ്വന്തമാക്കിയത്. മുന്നേറ്റത്തില്‍ എല്‍ഷദായ് അചെങ്‌പോ, മനീഷ കല്യാണ്‍, ജോതി തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണ്. മധ്യനിര താരങ്ങളായ കഷ്മീന, സമീക്ഷ തുടങ്ങിയവരും ഗോകുലത്തിന് കരുത്ത് പകരും. പ്രതിരോധത്തില്‍ ഡാലിമ ചിബ്ബര്‍, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. അതിനാല്‍ സേതു എഫ്.സിയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മലബാറിയന്‍സും പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും.

രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.

Categories IWL