ഇന്ത്യൻ വനിതാ ലീഗിൽ ഗ്രൂപ്പ് മത്സരങ്ങൾ ഇനിയും അവസാനിക്കാൻ ബാക്കി ആണ് എങ്കിലും സെമി ഫൈനലുകൾ തീരുമാനമായി. ഒന്നാം സെമി ഫൈനലിൽ കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ് സി മണിപ്പൂർ പോലീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു മത്സരങ്ങളും വിജയിച്ച് 15 പോയന്റുമായാണ് ഗോകുലം കേരള എഫ് സി സെമി ഫൈനലിലേക്ക് എത്തിയത്.
എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റൈസിംഗ് സ്റ്റുഡന്റ്സിനെയും രണ്ടാം മത്സരത്തിൽ 1-0ന് അളക്പുരയെയും, മൂന്നാം മത്സരത്തിൽ എസ് എസ് ബിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും, അവസാന മത്സരത്തിൽ ഹാൻസ് വുമൺസിനേയും ഗോകുലം കേരള എഫ് സി ഗോകുലം തോൽപ്പിച്ചിരുന്നു. മറുവശത്തുള്ള മണിപ്പൂർ പോലീസും ഗംഭീര ഫോമിലാണ് ഇപ്പ ഉള്ളത്. ബാലാ ദേവി മാത്രം 16 ഗോളുകളാണ് മണിപ്പൂർ പോലീസിനായി അടിച്ചു കൂട്ടിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് മണിപ്പൂർ പോലീസിന്റെ സെമി പ്രവേശനം.
രണ്ടാം സെമിയിൽ സേതു എഫ് സിയും എസ് എസ് ബി വുമൺസുമാണ് ഏറ്റുമുട്ടുക. അഞ്ചിൽ അഞ്ചും വിജയിച്ചാണ് സേതു എഫ് സി സെമിയിൽ എത്തിയത്. എസ് എസ് ബി വുമൺസ് ഗോകുലത്തിന്റെ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്. രണ്ട് സെമി പോരാട്ടങ്ങളും മെയ് 20നാണ് നടക്കുക.