അഭിമാനമായി ഗോകുലം വനിതകൾ, ചാമ്പ്യന്മാരെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ!!

- Advertisement -

കേരളത്തിന്റെ അഭിമാനം ഉയർത്തി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന് ഇന്ത്യൻ വനിതാ ലീഗിന്റെ സെമി ഫൈനൽ വിജയിച്ച് ഗോകുലം ഫൈനലിലേക്ക് മുന്നേറി. ആദ്യമായാണ് ഒരു കേരള ക്ലബ് വനിതാ ലീഗിന്റെ ഫൈനലിലേക്ക് എത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ സേതു എഫ് സിയെ ഏകപക്ഷീയമായ പോരാട്ടത്തിൽ തകർത്തു കൊണ്ടായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ഗോകുലത്തിനായി. 22ആം മിനുട്ടിൽ ഇന്ത്യൻ താരം മനീഷയാണ് ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സബിത്ര ബണ്ഡാരിയിലൂടെ ഗോകുലം രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ വല കുലുക്കി കൊണ്ട് സബിത്ര ഗോകുകത്തിന്റെ വിജയം ഉറപ്പിച്ചു. ഇന്നത്തെ രണ്ട് ഗോളുകൾ അടക്കം ഇതുവരെ ടൂർണമെന്റിൽ 15 ഗോളുകൾ സബിത്ര അടിച്ചു കൂട്ടി.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചായിരുന്നു ഗോകുലം സെമിയിലേക്ക് എത്തിയത്. ഫൈനലിൽ ക്രിപ്സ ആയിരിക്കും ഗോകുലത്തിന്റെ എതിരാളികൾ. ഇന്ന് രാവിലെ നടന്ന ഫൈനലിൽ കെങ്ക്രയെ തോൽപ്പിച്ച് ആയിരുന്നു ക്രിപ്സ ഫൈനലിലേക്ക് കടന്നത്. ക്രിപ്സയും ഈ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരവും വിജയിച്ചിട്ടുണ്ട്.

Advertisement