വനിത ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി ജർമ്മൻ വനിതകൾ. നേരത്തെ അർജന്റീന, ബ്രസീൽ, ഇറ്റലി, കാനഡ തുടങ്ങിയ വമ്പൻ ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്നു പുറത്തായിരുന്നു. നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയോട് 1-1 ന്റെ സമനില വഴങ്ങിയ ജർമ്മനി അവരുടെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് രണ്ടാം റൗണ്ട് കാണാതെ പുറത്തായി.
2018 പുരുഷ ലോകകപ്പിൽ ജർമ്മനിക്ക് മുന്നിലും വഴി മുടക്കിയത് ദക്ഷിണ കൊറിയ ആയിരുന്നു. 70 ശതമാനം സമയവും പന്ത് കൈവശം വെച്ച ജർമ്മനി 14 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. ആദ്യ മത്സരത്തിൽ മൊറോക്കോയെ 6-0 നു തകർത്തു വന്ന ജർമ്മനിക്ക് കൊറിയക്ക് എതിരെ മൊറോക്കോ കൊളംബിയക്ക് എതിരെ നേടുന്നതിലും മികച്ച റിസൽട്ട് ആയിരുന്നു വേണ്ടത്. എന്നാൽ ആറാം മിനിറ്റിൽ തന്നെ ലീ യങിന്റെ പാസിൽ നിന്നു സോ ഹ്യുൻ ചോ നേടിയ ഗോളിൽ ജർമ്മനി പിറകിൽ പോയി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഹൂത്തിന്റെ പാസിൽ നിന്നു അലക്സാൻഡ്ര പോപ്പ് ജർമ്മനിക്ക് ആയി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ പോപ്പ് ഒരിക്കൽ കൂടി ജർമ്മനിയെ മുന്നിൽ എത്തിച്ചു. എന്നാൽ വാർ ഈ ഗോൾ ഓഫ് സൈഡ് വിളിച്ചതോടെ ജർമ്മനിയുടെ ആഘോഷം അവസാനിച്ചു. തുടർന്ന് വിജയഗോളിന് ആയി ജർമ്മനി ശ്രമിച്ചു എങ്കിലും ദക്ഷിണ കൊറിയൻ പ്രതിരോധം കുലുങ്ങിയില്ല. ആദ്യ മത്സരത്തിൽ ജർമ്മനിയോട് തകർന്ന മൊറോക്കോയുടെ വമ്പൻ തിരിച്ചു വരവ് ആണ് ലോകകപ്പിൽ കണ്ടത്. ദക്ഷിണ കൊറിയയെ തോൽപ്പിച്ച അവർ ഇന്ന് നിർണായക മത്സരത്തിൽ ആദ്യ 2 മത്സരങ്ങൾ ജയിച്ചു വന്ന കൊളംബിയെയും തോൽപ്പിച്ചു.
എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അവരുടെ ജയം. പന്ത് കൈവശം വെച്ചതിൽ കൊളംബിയ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് 49 മത്തെ മിനുട്ടിൽ മൊറോക്കോയുടെ ചിസ്ലൻ ചെബാക്കിന്റെ പെനാൽട്ടി കൊളംബിയൻ ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ അനിസ ലഹ്മാരി ആഫ്രിക്കൻ അറബ് രാജ്യത്തിന്റെ നായിക ആയി മാറി. രണ്ടാം പകുതിയിൽ കൊളംബിയൻ മുന്നേറ്റങ്ങൾ രക്ഷിച്ച മൊറോക്കോ ഗോൾ കീപ്പറും ജയത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്. അവസാന പതിനാറിൽ കൊളംബിയ ജമൈക്കയെ നേരിടുമ്പോൾ മൊറോക്കോക്ക് ഫ്രാൻസ് ആണ് എതിരാളികൾ.