വനിതാ ഫുട്ബോളിലെ പതിവ് സ്വീഡൻ തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരെ എന്നും ഉണ്ടായിരുന്ന ആധിപത്യം ഇന്നും സ്വീഡൻ നിലനിർത്തി. ഇന്ന് ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് ആണ് സ്വീഡൻ വനിതാ ഫുട്ബോൾ ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതിനു മുമ്പ് 2011ലും സ്വീഡൻ മൂന്നാം സ്ഥാനം ലോകകപ്പിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് കളിയുടെ തുടക്കത്തിൽ തന്നെ സ്വീഡൻ ലീഡ് എടുത്തിരുന്നു. 11ആം മിനുട്ടിൽ ഇംഗ്ലീഷ് ഡിഫൻസിലെ പിഴവ് മുതലെടുത്ത് അസ്ലാനിയാണ് സ്വീഡന് ലീഡ് നൽകിയത്. 22ആം മിനുട്ടിൽ സോഫിയ ജേക്കബ്സൺ സ്വീഡന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഫ്രാൻ കിർബിയിലൂടെ ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ മടക്കാൻ ഇംഗ്ലണ്ടിനായെങ്കിലും അതിനപ്പുറം മുന്നേറാൻ ഇംഗ്ലീഷ് ടീമിനായില്ല. ഇംഗ്ലണ്ടിനെതിരായ സ്വീഡന്റെ 18ആം വിജയമാണിത്. ആകെ രണ്ടു തവണ മാത്രമെ ഇംഗ്ലണ്ട് സ്വീഡനെതിരെ വിജയിച്ചിട്ടുള്ളൂ.