വനിതാ ലോകകപ്പ്; മൂന്നും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യൻസ്

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ ഇംഗ്ലീഷ് വനിതകൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഏഷ്യൻ ചാമ്പ്യ‌മാരായ ജപ്പാനെ ആണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ജപ്പാൻ ശക്തമായ പോരാട്ടം കാഴ്ചവെച്ചു എങ്കിലും കളിയുടെ തുടക്കത്തിലും അവസാനത്തിലും നേടിയ ഗോളുകൾ ഇംഗ്ലണ്ടിന് ജയം നൽകുകയായിരുന്നു.

എലൻ വൈറ്റാണ് കളിയിലെ രണ്ടു ഗോളുകളും നേടിയത്. കളിയുടെ 14ആം മിനുട്ടിലും 84ആം മിനുട്ടിലുമായിരുന്നു വൈറ്റിന്റെ ഗോളുകൾ. വൈറ്റിന് ഇതോടെ ഈ ലോകകപ്പിൽ മൂന്ന് ഗോളുകളായി. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ട് ഇന്നത്തെ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസുമായി. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിക്കുന്നത്.