സ്പാനിഷ് വനിതാ ലീഗ് സംപ്രേഷണം ഏറ്റെടുത്ത് DAZN ഗ്രൂപ്പ്

സ്പാനിഷ് വനിതാ ഫുട്ബോളിലെ വലിയ ചുവട് വെപ്പുകളിൽ ഒന്നായി വനിതാ ലീഗിലെ ആദ്യ ഡിവിഷനിലെ സംപ്രേഷണാവകാശം ഡിഎസെഡ്എൻ(DAZN) ഏറ്റെടുത്തു. മുപ്പത്തിയഞ്ചു മില്യൺ യൂറോക്കാണ് അടുത്ത അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശം ഇവർ നേടിയെടുത്തത്. ഇതോടെ ഈ സീസൺ മുതൽ 2026/27 വരെയുള്ള എല്ലാ മത്സരങ്ങളും കാണികൾക്ക് മുന്നിൽ എത്തിക്കാൻ DAZNനാവും. മാച്ച് അനാലിസിസ്, കൂടുതൽ ക്യാമറകൾ അടക്കം എല്ലാം ഉൾപ്പെടുത്തി മൊത്തത്തിൽ ലീഗിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ആണ് ലീഗിന്റെ നടത്തിപ്പുകാർ ആയ എൽപിഎഫ്എഫ്ന്റെയും ഡിഎസെഡ്എന്നിന്റെയും തീരുമാനം.

നേരത്തെ ഇംഗ്ലീഷ് വിമെൻസ് സൂപ്പർ ലീഗ് നിലവിൽ സ്കൈ സ്പോർട്സ് അടക്കമുള്ള പല ഗ്രൂപ്പുകളും കാണികൾക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. കൂടാതെ വിമൻസ് ചാമ്പ്യൻസ് ലീഗ് ഡിഎസെഡ്എൻ ഗ്രൂപ്പ് തന്നെ യൂട്യൂബിലൂടെ തികച്ചും സൗജന്യമായി കാണികൾക്ക് മുന്നിൽ എത്തിച്ചിരുന്നു. ലീഗിന്റെ സംപ്രേഷണം കൂടി ഇവർ ഏറ്റെടുക്കതോടെ ലോകം മുഴുവൻ ഉള്ള ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം കാണാൻ ആവും. എന്നാൽ ചാമ്പ്യൻസ് ലീഗ് പോലെ സൗജന്യമായി കാണാൻ കഴിഞ്ഞേക്കില്ല.