ചെൽസി വനിതാ ടീം ക്യാപ്റ്റൻ കാർണെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് വിങ്ങറായ കരൻ കാർണെ വനിതാ ഫുട്ബോൾ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തോടെ ആയിരിക്കും വിരമിക്കുക. ഇത് തന്റെ അവസാന മത്സരമായിരിക്കും എന്ന് കാർണെ പറഞ്ഞു. 31കാരിയായ കാർണെ തനിക്ക് ഇനിയും ഫുട്ബോൾ കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ശരീരം അതിനു സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു.
കഴിഞ്ഞ സീസൺ അവസാനത്തോടെ ചെൽസിയുടെ മുൻ ക്യാപ്റ്റൻ ചാപ്മാൻ വിരമിച്ചതോടെ ആയിരുന്നു കാർണെ ചെൽസി ക്യാഒറ്റനായി ചുമതലയേറ്റത്. 2016 മുതൽ ചെൽസിയിൽ ഉള്ള താരമാണ് വിങ്ങറായ കാർണെ. 2016ൽ ബർമിങ്ഹാം സിറ്റിയിൽ നിന്നാണ് താരം ചെൽസിയിൽ എത്തിയത്.മുമ്പ് ആഴ്സണലിനായും താരം കളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള വനിതാ താരങ്ങളിൽ ഒരാളാണ് കാർണെ. 2005ൽ അരങ്ങേറ്റം നടത്തിയ കാർണെ 143 മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.