ഇന്ത്യൻ വനിതാ ഫുട്ബോൾ താരം ബാലാ ദേവി സ്കോട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. മുട്ടിനേറ്റ പരിക്ക് കാരണമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയത്. പരിക്ക് മാറാനുള്ള സമയം വീട്ടിൽ ചിലവഴിക്കാം എന്ന ആഗ്രഹം കൊണ്ടാണ് ഇന്ത്യയിലേക്ക് വരുന്നത് എന്ന് ബാലാദേവി പറഞ്ഞു. സ്കോട്ലാൻഡിലെ വലിയ ക്ലബായ റേഞ്ചേഴ്സിലാണ് ബാലാ ദേവി കളിക്കുന്നത്. അടുത്തിടെ ബാലാദേവി അവുടെ ആറു മാസത്തെ പുതിയ കരാർ ഒപ്പുവെച്ചിരുന്നു.
30കാരിയായ ബാലാ ദേവി റേഞ്ചേഴ്സിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമായി നേരത്തെ മാറിയിരുന്നു. യുവേഫ ടൂർണമെന്റുകളിൽ അടക്കം കളിക്കുന്ന ക്ലബാണ് റേഞ്ചേഴ്സ്. കഴിഞ്ഞ ദിവസം മികച്ച ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടാൻ ബാലാദേവിക്ക് ആയിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന്റെ ടോപ്പ് സ്കോറർ ആണ് ബാലാ ദേവി. ഇന്ത്യക്ക് വേണ്ടി 58 കളികളിൽ നിന്നായി 52 ഗോളുകൾ ബാലാ ദേവി നേടിയിട്ടുണ്ട്.