14ആം സെക്കൻഡിൽ റെക്കോർഡിട്ട ഗോൾ, ഗോകുലം ഗോളടിച്ചു കൂട്ടി വീണ്ടും ജയിച്ചു

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് തുടർച്ചയായ മൂന്നം വിജയം. ലുധിയാനയിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എസ് എസ് ബിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. വനിതാ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളും ഇന്ന് ഗോകുലം സ്വന്തമാക്കി. മത്സരം ആരംഭിച്ച് പതിമൂന്നാം സെക്കൻഡിൽ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. ഇന്ത്യൻ താരം അഞ്ജു തമാംഗ് ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ തന്നെ അനിതാ റാവതിലൂടെ ഗോകുലം കേരള എഫ് സി തങ്ങളുടെ രണ്ടാം ഗോളും നേടി. സഞ്ജുവിന്റെ പാസിൽ നിന്നായിരുന്നു അനിതയുടെ ഗോൾ. കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രഞ്ജനയിലൊഇടെ ഗോകുലം മൂന്നാം ഗോളും നേടി. ആ ഗോളിൽ തന്നെ എസ് എസ് ബിയുടെ വിജയ പ്രതീക്ഷ പൂർണ്ണമായും അവസാനിച്ചു. പിന്നീട് 71ആം മിനുട്ടിൽ ബവിത്ലുംഗിലൂടെ നാലാം ഗോൾ, പിന്നാലെ അഞ്ജുവിന്റെ വക വീണ്ടും ഒരു ഗോൾ. ഗോകുലത്തിന് 5-0ന്റെ വിജയം. ആദ്യ രണ്ട് മത്സരങ്ങളിലെ താരം മനീഷ ഇല്ലാതെ ആയിരുന്നു ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങിയത്.

ഈ ജയത്തോടെ ഗോകുലം കേരള എഫ് സിക്ക് ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 9 പോയന്റായി. ഗ്രൂപ്പിൽ ഒന്നാമത് തന്നെ നിൽക്കുകയാണ് ഗോകുലം കേരള എഫ് സി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റൈസിംഗ് സ്റ്റുഡന്റ്സിനെയും രണ്ടാം മത്സരത്തിൽ 1-0ന് അളക്പുരയെയും ഗോകുലം തോൽപ്പിച്ചിരുന്നു.

Advertisement