7 മാസം ഗർഭിണി, എന്നിട്ടും ഫുട്‌ബോൾ പരിശീലനം നിർത്താതെ അലക്‌സ് മോർഗൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

7 മാസം ഗർഭിണിയായിരിക്കെ ഫുട്‌ബോൾ പരിശീലനം നിർത്താതെ അമേരിക്കൻ ഫുട്‌ബോൾ സൂപ്പർസ്റ്റാർ അലക്‌സ് മോർഗൻ. 3 തവണ ലോകകപ്പ് നേടിയ അമേരിക്കൻ ടീമിൽ അംഗം ആയ അലക്‌സ് മോർഗൻ ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ കളിക്കാൻ ആവും എന്ന ശുഭപ്രതീക്ഷയിൽ ആണ് അമേരിക്കൻ ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് മോർഗനും ഭർത്താവും ഫുട്‌ബോൾ താരവും ആയ സെർവാണ്ടോ കരാസ്‌കോയും മോർഗൻ ഗർഭിണിയായ വാർത്ത ലോകത്തെ അറിയിച്ചത്. അന്ന് തന്നെ ഈ ടോക്കിയോ ഒളിമ്പിക്‌സിൽ തനിക്ക് കളിക്കാനുള്ള താല്പര്യം മോർഗൻ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഓർലാണ്ടോ പ്രൈഡ് താരമാണ് 30 കാരിയായ അലക്സ് മോർഗൻ.

3 തവണ ലോകകപ്പ് നേടിയ അലക്‌സ് മോർഗൻ കഴിഞ്ഞ വർഷം ലോകകപ്പ് നേടിയ അമേരിക്കൻ ടീമിന്റെ 3 ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയാണ്. മറ്റ് ക്യാപ്റ്റൻമാർ ആയ കാർലി ലോയിഡിനും മേഗൻ റപീന്യോക്കും ഒപ്പം കഴിഞ്ഞ ലോകകപ്പിലും അലക്സ് മോർഗൻ അമേരിക്കൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഏപ്രിലിൽ കുഞ്ഞിന് ജന്മം നൽകും എന്നു പ്രതീക്ഷിക്കുന്ന മോർഗൻ ജൂലൈയിൽ നടക്കുന്ന ഒളിമ്പിക്സിൽ അമേരിക്കൻ ടീമിനൊപ്പം ചേരാൻ ആവും എന്ന ശുഭപ്രതീക്ഷയിൽ ആണ്. എന്നാൽ കുഞ്ഞിന് ജന്മം നൽകി 3 മാസങ്ങൾക്ക് അകം മോർഗനു ടീമിനൊപ്പം ചേരാൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയ ശേഷം എത്രയും പെട്ടെന്ന് ഫുട്‌ബോൾ ലോകത്തേക്ക് മടങ്ങി വരാൻ ആണ് തന്റെ ആഗ്രഹം എന്നു മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് മോർഗൻ, തന്റെ കളിയോടുള്ള അടങ്ങാത്ത ഇഷ്ടവും അന്ന് അലക്‌സ് മോർഗൻ പങ്ക് വച്ചിരുന്നു.

കൂടാതെ അമ്മയായ ശേഷം കളത്തിൽ തിരിച്ചു വന്ന താരങ്ങൾ തനിക്ക് എന്നും വലിയ പ്രചോദനം ആണെന്നും അലക്‌സ് മോർഗൻ അന്ന് പറഞ്ഞിരുന്നു. അമ്മയായ ശേഷം കളത്തിലേക്ക് തിരിച്ചു വന്ന നിരവധി താരങ്ങൾ മുമ്പും കായികലോകത്ത് അത്ഭുതം ആയിട്ടുണ്ട്. അമ്മയായ ശേഷം ഗ്രാന്റ് സ്‌ലാം ജയിച്ച കിം ക്ലേസ്റ്റേഴ്‌സ്, ഗർഭിണിയായിരിക്കെ ഗ്രാന്റ് സ്‌ലാം ജയിച്ച സെറീന വില്യംസ് എന്നിവർ ഉദാഹരണങ്ങൾ ആണ്. ഈ കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് മീറ്റിൽ അമ്മയായി മാസങ്ങൾക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം അണിഞ്ഞ ലി ഹോങ്, ആലിസൻ ഫെലിക്‌സ്, ഷെല്ലി ആൻ പ്രൈസ് എന്നിവരും ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അമ്മയായ ശേഷം ഒളിമ്പിക്‌സ് ടീമിൽ തിരിച്ചെത്തി സ്വർണം അണിയാനുള്ള അലക്‌സ് മോർഗന്റെ സ്വപ്നം സഫലമാകുമോ എന്നു നമുക്ക് കണ്ടറിയാം. ഫുട്‌ബോൾ ജീവനായ അലക്‌സ് മോർഗന്റെ നിഘണ്ടുവിൽ കീഴടങ്ങൽ എന്ന വാക്ക് ഇല്ലാത്തതിനാൽ എന്തും സാധ്യമാണ്.