ലോകത്തിന് മുന്നിൽ നീതി തേടി അഫ്ഗാനിസ്ഥാന്റെ വനിത ഫുട്‌ബോൾ ടീം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്ത്രീകളുടെ അവകാശങ്ങൾ, അവരുടെ നേട്ടങ്ങൾ, അവരുടെ വിജയങ്ങൾ എല്ലാം മുമ്പത്തേക്കാൾ ഏറെ ശ്രദ്ധയാവുന്നതും വാർത്തയും ആകുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സെറീന വില്യംസിനെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്പോർട്സ് താരമായി പരിഗണിക്കാമോ എന്ന് ചോദിക്കുന്ന, കോരി ഗോഫ് എന്ന 15 കാരി അത്ഭുതമാവുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ വായ അടപ്പിച്ചു ലോകകപ്പിന്റെ താരമായി ലോകകപ്പ് ഉയർത്തിയ മേഗൻ റെപീനമാർ ഉള്ള ലോകം. വനിത സ്പോർട്സിനോട് വനിത ഫുട്‌ബോളിനോട് ഫുട്‌ബോൾ, സ്പോർട്സ് ഭരണാധികാരികൾ ചെയ്യുന്ന ഇരട്ടതാപ്പുകൾക്കെതിരെ റെപീനയെ പോലുള്ളവർ രംഗത്ത് വരുന്ന ലോകം. എന്നാൽ ഇതേ ലോകത്ത് ലോകം കണ്ടില്ലെന്ന് വക്കുന്ന നീതി നിഷേധിക്കുന്ന സംഘമായി മാറുകയാണ് അഫ്‌ഗാനിസ്ഥാന്റെ വനിത ഫുട്‌ബോൾ ടീം. അതെ, ലോകവും ഫിഫയും വനിത ലോകകപ്പിന്റെ ഗംഭീരജയം ആഘോഷിക്കുന്ന സമയത്ത് ലോകത്തിനും ഫിഫക്കും കടുത്ത നാണക്കേടായി മാറുകയാണ് അഫ്ഗാൻ വനിത ടീമിന് നേരിട്ട ദുരനുഭവവും നീതി നിഷേധവും.

വനിത തുല്യതക്കു, ആണിന് പറ്റുന്നത് ഒരു മുൻ വിധിയും വച്ച് പുലർതാതെ പെണ്ണിനും പറ്റും എന്നു പറഞ്ഞാഘോഷിച്ച് ഫിഫ വനിത ലോകകപ്പ് വലിയ ഉത്സവമാക്കിയ സമയത്ത് തന്നെയാണ് അഫ്ഗാൻ വനിത ടീം ഫിഫക്കു മുന്നിൽ നീതിക്കായി കൈ നീട്ടിയത്. അഫ്‌ഗാനിസ്ഥാന്റെ ആശാന്ത ഭൂമിയിൽ 1990 കളിലാണ് അഫ്‌ഗാനിസ്ഥാൻ വനിത ടീം രൂപീകൃതമായത്. ഈ അടുത്താണ് അവർ അവരുടെ ഫുട്‌ബോൾ അധികൃതരിൽ നിന്നു നേരിട്ട ലൈംഗീക ആക്രമണവും പീഡനവും പുറത്ത് വന്നത്. ഫുട്‌ബോൾ ലോകതത്തിനു തന്നെ നാണക്കേട് ആയ സംഭവത്തിൽ ശരിയായ നടപടി എടുക്കാൻ ഫിഫയോ അഫ്ഗാൻ ഫുട്‌ബോൾ ഭരണകൂടമോ ഇത് വരെ തയ്യാറായില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അഫ്ഗാൻ ടീമിന്റെ ജോർദാനിലെ പരിശീലന ക്യാമ്പിൽ വച്ചാണ് അഫ്ഗാൻ വനിത ടീം അംഗങ്ങൾ തങ്ങളെ ലൈംഗീകമായ പീഡനത്തിനും ആക്രമണത്തിനും ചില അഫ്ഗാൻ ഫുട്‌ബോൾ അധികൃതർ വിധേയരാക്കി എന്ന ഞെട്ടിക്കുന്ന സത്യം പരിശീലകയായ കെല്ലി ലിന്റ്സിയെ അറിയിക്കുന്നത്. മുൻ അമേരിക്കൻ വനിത താരം കൂടിയായ കെല്ലി ഉടനെ തന്നെ ഇത് അഫ്ഗാൻ ഫുട്‌ബോൾ അസോസിയേഷനെ അറിയിച്ചു. എന്നാൽ ‘ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്’ എന്ന ഞെട്ടിക്കുന്ന മറുപടിയാണ്‌ അഫ്ഗാൻ ഫുട്‌ബോൾ അസോസിയേഷനിൽ നിന്നു കെല്ലിക്ക് കിട്ടിയത്. അന്തം വിട്ട് പോയ കെല്ലി പരാതി ഉടനെ ഫിഫയെ അറിയിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്, പലതവണ അവഗണിച്ച ഫിഫ കെല്ലിക്ക് കൊടുത്ത മറുപടി അതിവിചിത്രമായിരുന്നു. ‘ഇത് ഞങ്ങളുടെ പരിധിയിൽ പെടുന്ന കാര്യമല്ല നിങ്ങൾ ഐക്യരാഷ്ട്ര സഭയെ സമീപിക്കൂ’ എന്നായിരുന്നു ആ മറുപടി. ലോകത്ത് ഐക്യരാഷ്ട്ര സഭയെക്കാൾ അംഗബലം ഉള്ള ഏത് കായിക അസോസിയേഷനേക്കാളും പണവും പ്രതാപവും ഉള്ള, ഏത് അസോസിയേഷനേയും നിലക്ക് നിർത്താൻ ത്രാണിയുള്ള സ്ത്രീ സമത്വം തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഫിഫ തന്നെയാണ് ഈ മറുപടിയുമായി എത്തിയത്.

ഫുട്‌ബോളിൽ സഹഷ്ണതയും ബഹുമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ എ. എഫ്‌.ഡി. പി ഗ്ലോബൽ എന്ന സംഘടനയുടെ പരിപാടിയിൽ വനിത ലോകകപ്പ് വേദിയായ ഫ്രാൻസിലെത്തിയ കെല്ലി കണ്ണീരോടെയാണ്‌ അഫ്ഗാൻ വനിതകൾ നേരിട്ട ക്രൂരതയുടെ കഥ ലോകത്തിന് മുന്നിൽ തുറന്ന് പറഞ്ഞത്‌. രാജ്യത്തിനു വേണ്ടി കളിക്കുക എന്ന സ്വപ്നം കണ്ട ആ താരങ്ങളിൽ പലർക്കും ഇന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീട്ടുകാരാലും നാട്ടുകാരാലും അപമാനിതരാവുന്ന അവരിൽ പലരേയും തേടി മരണഭീക്ഷണികൾ ആണ് സത്യം തുറന്നു പറഞ്ഞു എന്നതിനാൽ തേടിയെത്തുന്നത്. അവരുടെ സുരക്ഷക്ക് അവരെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പുറത്ത് എത്തിക്കലാണ് നല്ലത് എന്നും കെല്ലി പറഞ്ഞു.

എന്നാൽ ഫിഫ തങ്ങളുടെ ഇരട്ടതാപ്പു നയം തുടരുക തന്നെയാണ്. വനിത ലോകകപ്പ് തുടങ്ങാൻ ഒരു ദിവസം മുമ്പ് മുൻ അഫ്ഗാൻ ഫുട്‌ബോൾ അസോസിയേഷൻ തലവനും ഫിഫ കമ്മറ്റി അംഗവും ആയ കമറുദ്ദീൻ കരീമിനു ആജീവനാന്ത വിലക്കേർപ്പെടുത്തി ഇതിൽ നടപടി എടുത്തു എന്നു വരുത്തിയ ഫിഫ അതിനുശേഷം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇന്നും ആരോപണവിധേയരിൽ പലരും അഫ്ഗാൻ ഫുട്‌ബോൾ അസോസിയേഷൻ തലപ്പത്ത് തുടരുക തന്നെയാണ്. ഫിഫ പ്രസിഡന്റ് ജിയാനോ ഇൻഫാനിറ്റോയേയും കടന്നാക്രമിച്ചു കെല്ലി. ഫുട്‌ബോളിനു നാണക്കേടാണ്‌ ഇൻഫാനിറ്റോയും അയ്യാളുടെ നിലപാടുകളും എന്നു പറഞ്ഞ കെല്ലി, മനുഷ്യാവകാശ, വാനിതാവകാശ ലംഘനങ്ങൾ ഫിഫയും ഇൻഫാനിറ്റോയും കയ്യും കെട്ടി നോക്കി നിന്നതായും ആരോപിച്ചു. ധാർമികമായി ഇൻഫാനിറ്റോക്ക് ഫിഫ പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ അർഹതയില്ലെന്നു പറഞ്ഞ കെല്ലി ഇൻഫാനിറ്റോ തന്റെ ഫുട്‌ബോൾ പ്രസിഡന്റ് അല്ല എന്നും തുറന്നടിച്ചു.

ഇന്നും സത്യം പറഞ്ഞതിന് തങ്ങളുടെ ജീവൻ പോലും കൊടുക്കേണ്ടി വരുമോ എന്ന ഭയത്തിൽ ജീവിക്കുകയാണ് അഫ്ഗാൻ വനിത താരങ്ങൾ. നീതിക്കായി പൊരുതുന്ന ഈ ധീരവനിതകളെ കണ്ടില്ലെന്ന് വച്ച് ഫിഫ എത്ര കാലം മുന്നോട്ടു പോകും എന്ന് കണ്ടു തന്നെ അറിയണം. ഇവർക്ക് നീതി നിഷേധിച്ചാൽ അത് ഫുട്‌ബോളിന് ഫിഫക്കു മേൽ വലിയ കളങ്കം ആയി മാറും. വനിത ശാക്തീകരണത്തിന്റെ ഈ ലോകത്തും ഈ ലോമകപ്പിൽ മനോഹര ഫുട്‌ബോൾ കളിച്ചു ലോകത്തെ മയക്കിയ വനിത ഫുട്‌ബോളർ മാരുടെ സുവർണ യുഗത്തിലും ലോകവും ഫിഫയും അഫ്‌ഗാനിസ്ഥാനേയും ഈ ധീരവനിതകളേയും കണ്ടില്ലെന്ന് വച്ചാൽ അത് കാലം ഒരിക്കലും പൊറുക്കാത്ത തെറ്റായി മാറും. ഏതൊരു ലോകകിരീടത്തേക്കാൾ വിലപ്പെട്ടതായി അതിനാൽ തന്നെ അഫ്ഗാന്റെ ഫുട്‌ബോൾ വനിത താരങ്ങളുടെ പോരാട്ടം മാറുന്നു. എത്രയും പെട്ടന്ന് നീതിയുടെ വാതിലുകൾ ഇവർക്കായി ഫിഫയും ലോകവും തുറക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.