ജോര്‍ദാനെ ഗോളില്‍ മുക്കി ഇന്ത്യന്‍ U-16 സംഘം, ഹാട്രിക്കുമായി വിക്രം

ജോര്‍ദാനെതിരെ ഏകപക്ഷീയമായ നാല് ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ U-16 ആണ്‍കുട്ടികള്‍. ഇന്ന് ആതിഥേയര്‍ക്കെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ സംഘം ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് മത്സരത്തില്‍ ലീഡ് നേടിയത്. 43ാം മിനുട്ടില്‍ വിക്രമാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിന്റെ മുന്‍തൂക്കത്തില്‍ പകുതി സമയത്ത് ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ വിക്രം തന്നെ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 61ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയ ഇന്ത്യയുടെ തുടരാക്രമണങ്ങളാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. 12 മിനുട്ടിനുള്ളില്‍ വിക്രം തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഇന്ത്യയുടെ ലീഡ് മൂന്ന് ഗോളാക്കി മാറ്റി. 84ാം മിനുട്ടില്‍ ബെക്കേയാണ് ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ഓഗസ്റ്റ് 3നു ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial