ഇറ്റാലിയൻ താരം മാർക്കോ വെറാറ്റിക്ക് പിഎസ്ജിയിൽ പുതിയ കരാർ. പത്ത് വർഷത്തോളമായി ടീമിനോടൊപ്പമുള്ള താരത്തിനെ വീണ്ടും നാല് സീസണിലേക്ക് കൂടി നിലനിർത്താൻ ആണ് ടീമിന്റെ ശ്രമം. കരാർ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടനെ താരം പുതിയ കരാറിൽ ഒപ്പിട്ടേക്കും.
2024ഓടേയാണ് വെറാറ്റിയുടെ നിലവിലെ കരാർ അവസാനിക്കുന്നത്. പുതിയ കരാർ പ്രകാരം 2026വരെ ടീമിൽ തുടരാൻ താരത്തിനാകും. പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ് മുപ്പതുകാരൻ. 8 ലീഗ് കിരീടങ്ങൾ, 6 ഫ്രഞ്ച് കപ്പ്, 9 സൂപ്പർ കപ്പ് എന്നിവ ടീമിനോടോപ്പം നേടി. യുവതരമായി എത്തി ടീമിലെ അഭിവാജ്യ ഘടകമായ വെറാറ്റിക്ക് വരുമാനത്തിലും കാര്യമായ വർധനവ് ടീം നൽകുന്നുണ്ട്. ജനുവരിക്ക് മുൻപ് തന്നെ പുതിയ കരാറിൽ ഒപ്പിട്ടേക്കും എന്നാണ് സൂചനകൾ.
ലോകകപ്പ് ഇടവേളക്ക് മുൻപ് തന്നെ പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരുന്നു. പാരീസിൽ തന്നെ തുടരാൻ ആണ് നേരത്തെ തന്നെ വെറാറ്റിയുടെയും തീരുമാനം.