ലിവർപൂളിന്റെ സ്റ്റാർ ഡിഫൻഡർ വിർജിൽ വാൻ ഡൈക് ക്ലബ് സ്ക്വാഡ് ശക്തമാക്കേണ്ടതിനെ കുറിച്ച് സംസാരിച്ചു. കഴിഞ്ഞ അഞ്ച് വർഷം ടീം മികച്ച നിലയിൽ ആയിരുന്നു കളിച്ചത്. ആ നിലവാരം നിലനിർത്താൻ പുതിയ കളിക്കാരെ സൈൻ ചെയ്യാൻ തന്റെ ക്ലബ്ബിനോട് വാൻ ഡൈക് അഭ്യർത്ഥിച്ചു. ലിവർപൂൾ ഉയർന്ന തലത്തിൽ മത്സരക്ഷമത നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗുണമേന്മയുള്ള താരങ്ങളെ കൊണ്ടുവരണം എന്നു പറഞ്ഞു.
നിലവിലെ സീസണിന്റെ അവസാനത്തിൽ ഫിർമിനോ, നാബി കീറ്റ, ആർതർ എന്നിവരുൾപ്പെടെ നിരവധി പ്രധാന കളിക്കാരെ ലിവർപൂൾ നഷ്‌ടപ്പെടാനുള്ള സാധ്യതയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സ്ക്വാഡ് ബലപ്പെടുത്തലിനുള്ള വാൻ ഡൈകിന്റെ ആഹ്വാനം. കഴിഞ്ഞ വർഷം മാനെയുടെ വിടവാങ്ങൽ ടീമിന്റെ ആക്രമണ നിരയെ പിറകോട്ട് ആക്കിയിട്ടുണ്ട്.
റയൽ മാഡ്രിഡിനെതിരായ തോൽവിക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് കഴിഞ്ഞ ദിവസം ലിവർപൂൾ പുറത്തായിരുന്നു. ഇനി ലീഗിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള ശ്രമത്തിലാണ് ലിവർപൂളിന്റെ ശ്രദ്ധ.