ചെൽസി ഇതിഹാസം ദിദിയർ ദ്രോഗ്ബക്ക് 2020ലെ യുവേഫയുടെ പ്രസിഡന്റസ് പുരസ്‌കാരം. കളിക്കളത്തിലും പുറത്തും താരം നടത്തിയ ഇടപെടലുകൾ കണ്ടാണ് യുവേഫ താരത്തിന് അവാർഡ് നൽകിയത്. അടുത്ത വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ ദ്രോഗ്ബക്ക് അവാർഡ് സമ്മാനിക്കും.
ഫുട്ബോൾ ജീവിതത്തിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി ദ്രോഗ്ബ നടത്തിയ പ്രവർത്തനങ്ങളാണ് ദ്രോഗ്ബയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇതിന്റെ ഭാഗമായി ആഫ്രിക്കയിൽ ഒരുപാട് സ്കൂളുകളും ദ്രോഗ്ബ നിർമിച്ചിട്ടുണ്ട്. ചെൽസിയുടെ കൂടെ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ദ്രോഗ്ബ ഇംഗ്ലണ്ടിന് പുറമെ ഫ്രാൻസിലും തുർക്കിയിലും ഫുട്ബോൾ കളിച്ചിട്ടുണ്ട്. ചെൽസിക്ക് വേണ്ടി 381 മത്സരങ്ങൾ കളിച്ച ദ്രോഗ്ബ 164 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ 3 ലോകകപ്പുകളിൽ ഐവറി കോസ്റ്റിന് വേണ്ടി കളിക്കുകയും ചെയ്‌തിട്ടുണ്ട്.