ഫുട്ബോൾ ലോകത്തെ പല പുരസ്കാരങ്ങളും കൊറോണ കാരണം ഉപേക്ഷിച്ചു എങ്കിലും യുവേഫ അവരുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഇത്തവണയും നൽകും. യുവേഫ അവാർഡുകളുടെ അവസാന മൂന്ന് പേരുടെ ഷോർട്ട്ലിസ്റ്റ് യുവേഫ ഇന്ന് പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച പുരുഷ ടീം പരിശീകൻ, മികച്ച വനിതാ ടീം പരിശീലകൻ എന്നി പുരസ്കാരങ്ങളാണ് യുവേഫ നൽകുന്നത്. ഇതാദ്യമായാണ് പരിശീലകർക്ക് പുരസ്കാരം യുവേഫ നൽകുന്നത്.
പുരുഷ താരങ്ങളിൽ അവസാന മൂന്ന് പേരിൽ രണ്ട് പേർ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേണിൽ നിന്നാണ്. ബയേൺ ഗോൾകീപ്പർ മാനുവൽ നൂയർ, സ്ട്രൈക്കർ ലെവൻഡോസ്കി എന്നിവർക്ക് ഒപ്പം മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്ര്യുയിനുമാണ് ലിസ്റ്റിൽ ഉള്ളത്. ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ അടിച്ച് കൂട്ടിയ ലെവൻഡോസ്കിക്ക് തന്നെയാണ് പുരസ്കാരത്തിന് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്, ലിവർപൂൾ പരിശീലകൻ ക്ലോപ്പ്, ലെപ്സിഗ് പരിശീലകൻ നഗൽസ്മാൻ എന്നിവരാണ് പുരുഷ ടീം പരിശീലകരുടെ ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോൺ താരങ്ങൾ വെൻഡി റെനാർഡും ലൂസൊ ബ്രൌൺസും ഒപ്പം മുൻ വോൾവ്സ്ബർഗ് താരം ഹാർദറുമാണ് വനിതാ താരങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ഉള്ളത്.