വരുന്നു യുവേഫ നേഷൻസ് ലീഗ്

Jyotish

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial