ലൂയിസ് എൻറികെ പരിശീലകനായ ശേഷമുള്ള ആദ്യ പരാജയം സ്പെയിനിന് ഇംഗ്ലണ്ട് സമ്മാനിച്ചു. ഇന്നലെ യുവേഫ നാഷൺസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പെയിനിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. 1987ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് സ്പെയിനിൽ വിജയിക്കുന്നത്.
ആദ്യ പകുതിയിലെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ആദ്യ 38 മിനുട്ടുകളിൽ തന്നെ ഇംഗ്ലണ്ട് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. സ്റ്റെർലിംഗ്, റാഷ്ഫോർഡ്, ഹാരി കെയ്ൻ എന്നിവരുടെ ഫോം ഇംഗ്ലണ്ടിന് ഗുണം ചെയ്തു. സ്റ്റെർലിംഗ് ആണ് ഇരട്ട ഗോളുകൾ നേടിയത്. സ്റ്റെർലിംഗിന്റെ ഇംഗ്ലണ്ട് കരിയറിലെ ആദ്യ എവേ ഗോളുകൾ ആയിരുന്നു ഇന്നലത്തേത്.
റാഷ്ഫോർഡ് ആണ് മറ്റൊരു സ്കോറർ. ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും റാഷ്ഫോർഡ് ഒരുക്കി. ഹാരി കെയ്ൻ ആകട്ടെ രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞു. മികച്ച സേവുകൾ മുതൽ ഗംഭീര ഡിസ്ട്രിബ്യൂഷൻ വരെ നീണ്ടു നിന്ന ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ഫോർഡിന്റെ പ്രകടനവും ശ്രദ്ധേയമായി. അൽകാസറും റാമോസുമാണ് സ്പെയിനിനായി ഗോൾ നേടിയത്. റാമോസിന്റെ ഗോൾ കളിയുടെ 98ആം മിനുട്ടിൽ ആയിരുന്നു പിറന്നത്.
ഇന്നത്തെ ജയം ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ ഒന്നാമത് എത്താം എന്ന പ്രതീക്ഷ നിലനിർത്തി.