യുഫേഫ നേഷൻസ് ലീഗിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ മികവിൽ സ്വീഡനെ മറികടന്നു പോർച്ചുഗൽ. തന്റെ കരിയറിൽ രാജ്യത്തിനു ആയി നൂറാം ഗോൾ കണ്ടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായും റൊണാൾഡോ ഈ മത്സരത്തിലൂടെ മാറി. മത്സരത്തിലെ 44 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട സെവൻസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ സ്വീഡൻ 10 പേരായി ചുരുങ്ങി. തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഉജ്ജ്വലമായ ഇരു ഷോട്ടോടെ ലക്ഷ്യം കണ്ടാണ് റൊണാൾഡോ തന്റെ നൂറാം ഗോൾ തികച്ചത്.
കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത മികച്ച ഫോമിൽ തുടർന്ന പോർച്ചുഗൽ മത്സരത്തിൽ 68 ശതമാനം സമയവും പന്ത് കൈവശം വച്ചു. കൂടാതെ 21 ഷോട്ടുകൾ ആണ് പോർച്ചുഗൽ മത്സരത്തിൽ ഉതിർത്തത്. രണ്ടാം പകുതിയിൽ എഴുപത്തി രണ്ടാം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ രണ്ടാം ഗോളും നേടിയത്. ബോക്സിനു പുറത്ത് നിന്ന് ഒരു ഉഗ്രൻ വലത് കാലൻ അടിയിലൂടെ റൊണാൾഡോ തന്റെ 101 മത്തെ ഗോളും മത്സരത്തിലെ രണ്ടാം ഗോളും കുറിച്ച് മത്സരം പോർച്ചുഗലിന്റെ പേരിലാക്കി. ലീഗ് എയിൽ ഗ്രൂപ്പ് സിയിൽ കളിച്ച രണ്ടു മത്സരങ്ങളും ജയം കണ്ട പോർച്ചുഗൽ ആണ് നിലവിൽ ഒന്നാമത്.