പോർച്ചുഗല്ലിനെ കിരീടത്തിലേക്ക് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിന് ഇറങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗല്ലും. യൂറോയ്ക്ക് ശേഷം പോർച്ചുഗല്ലിനായി മറ്റൊരു കിരീടം നൽകാനാണ്‌ റൊണാൾഡോ ശ്രമിക്കുന്നത്. ലോകകപ്പിൽ ഏറ്റ തിരിച്ചടിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കാതെയിരുന്ന റൊണാൾഡോ സെമി കളിക്കാനാണ് തിരിച്ചെത്തിയത്. സ്വിറ്റ്സർലാന്റിനെതിരെ ഒറ്റക്ക് പൊരുതിയാണ് ഹാട്രിക്കോടെ പോർച്ചുഗല്ലിനെ ജയത്തിലേക്ക് നയിച്ചത്.

ഫൈനലിൽ പോർച്ചുഗല്ലിനെ കാത്തിരിക്കുന്നത് ഹോളണ്ടാണ്. ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഹോളണ്ട് ഫൈനലിൽ എത്തിയത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.15 നാണ് മത്സരം കിക്കോഫ്.

റൊണാൾഡോ ടീമിലെത്തിയതിന് ശേഷമാണ് പോർച്ചുഗൽ ദേശീയ ടീം മൂന്ന് ഫൈനലുകളിൽ കടന്നത്. മൂന്ന് സെമി ഫൈനലുകളിൽ പോർച്ചുഗൽ 7 ഗോളടിച്ചപ്പോൾ അതിൽ 5 എണ്ണം അടിച്ചത് റൊണാൾഡോ ആണ്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും റൊണാൾഡോ തന്നെയാണ്. 97 വർഷമായി ഫുട്ബോൾ കളിക്കുന്ന പോർച്ചുഗല്ലിൽ നിന്നും ഇതുവരെ 23 ഹാട്രിക്കുകൾ ആണ് പിറന്നത്. അതിൽ 7 എണ്ണവും നേടിയത് ക്രിസ്റ്റിയാനോ റൊണാൾഡോയാണ്.