പേരു പോലെ തന്നെ, മരണ ഗ്രൂപ്പിൽ എല്ലാവരും ക്വാർട്ടറിൽ എത്താതെ മരിച്ചു

യൂറോ കപ്പ് പ്രഖ്യാപിച്ചത് മുതൽ മരണ ഗ്രൂപ്പ് എന്നു പറഞ്ഞു ആരാധകർ മത്സരങ്ങൾക്ക് കാത്തിരുന്ന ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് എഫ്. ഈ ഗ്രൂപ്പ് അതിജീവിക്കുന്ന ടീം കപ്പ് ഉയർത്തും എന്നു വരെ പ്രവചനം ഉണ്ടായി. നിലവിലെ ലോക ജേതാക്കൾ ആയ ഫ്രാൻസ്, നിലവിലെ യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗൽ, മുൻ ജേതാക്കൾ ആയ ജർമ്മനി ഒപ്പം ഹംഗറി ഈ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആദ്യം മുതൽ മികച്ച പോരാട്ടങ്ങൾ ആണ് സമ്മാനിച്ചത്. അപ്രതീക്ഷിതമായി ഹംഗറി നടത്തിയ പോരാട്ടം ഗ്രൂപ്പിനെ ആവേശത്തിലാക്കി. ഫ്രാൻസ്, ജർമ്മനി ടീമുകളെ സമനിലയിൽ തളച്ചു എങ്കിലും ആദ്യ റൗണ്ടിൽ തന്നെ ഹംഗറി പുറത്ത് പോയി. ഒന്നാമത് ആയി ഫ്രാൻസും രണ്ടാം സ്ഥാനക്കാർ ആയി ജർമ്മനിയും അവസാന പതിനാറിൽ എത്തിയപ്പോൾ മികച്ച മൂന്നാം സ്ഥാനക്കാർ ആയി പോർച്ചുഗൽ അവസാന പതിനാറിൽ ഇടം പിടിച്ചു. അവസാന പതിനാറിൽ ഫ്രാൻസ് സ്വിസർലാന്റ് പോരാട്ടം വന്നപ്പോൾ ജർമനിക്ക് എന്നത്തേയും ശത്രുക്കൾ ആയ ഇംഗ്ലണ്ട് ആയി എതിരാളികൾ. അതേസമയം ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം ആയിരുന്നു പോർച്ചുഗല്ലിന്റെ എതിരാളി.

മരണ ഗ്രൂപ്പിൽ നിന്നുള്ള താരങ്ങൾ യൂറോ ഭരിക്കും എന്ന പ്രതീക്ഷകൾക്ക് പക്ഷെ ആയുസ്സ് പ്രീ ക്വാർട്ടർ വരെയെ ഉണ്ടായിരുന്നുള്ളു. ബെൽജിയത്തിനു എതിരെ ഏക ഗോളിന് വീണ പോർച്ചുഗൽ ആണ് ആദ്യം വീണത്. തൊട്ടടുത്ത ദിവസം ലോക ജേതാക്കളുടെ ഊഴം ആയിരുന്നു. സ്വിസ് ടീമിന് എതിരെ അനായാസ ജയം പ്രതീക്ഷിച്ചു ഇറങ്ങിയ ഫ്രാൻസിനെ വെള്ളം കുടിപ്പിച്ച അവിശ്വസനീയ പോരാട്ട വീര്യം പുറത്ത് എടുത്ത സ്വിസ് പട പെനാൾട്ടി ഷൂട്ട് ഔട്ടിൽ ലോക ചാമ്പ്യന്മാർക്ക് യൂറോയിൽ നിന്നു മടക്ക ടിക്കറ്റ് നൽകി. ക്ലാസിക് പോരാട്ടത്തിൽ എന്നും ഇംഗ്ലണ്ടിന് എതിരെ വലിയ മുൻ തൂക്കം ഉണ്ടായിരുന്ന ജർമ്മനിയുടെ ഊഴം ആയിരുന്നു പിന്നീട്. 1966 ലെ വിവാദ ലോകകപ്പ് ഫൈനലിന് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ജർമനിയെ തോൽപ്പിക്കാൻ ആവാത്ത ഇംഗ്ലണ്ട് 55 വർഷങ്ങൾക്ക് ശേഷം വെമ്പ്ലിയിൽ ചരിത്രം എഴുതിയപ്പോൾ ജർമ്മനിക്കും ലഭിച്ചു മടക്ക ടിക്കറ്റ്. മരണ ഗ്രൂപ്പ് അങ്ങനെ പേര് യാഥാർത്ഥ്യം ആക്കി ക്വാർട്ടർ ഫൈനൽ എത്താതെ മരണം പുൽകി. റൊണാൾഡോക്ക് ശേഷം ടീമിനെ ഒരുക്കുക എന്നത് ആവും പോർച്ചുഗല്ലിന്റെ ഇനിയുള്ള ശ്രമം. അതേസമയം ജർമ്മനിയിൽ ജോക്വിം ലോ യുഗം അവസാനിച്ചു ഹൻസി ഫ്ലിക് യുഗം ആരംഭിക്കുക ആണ്. അതേസമയം ലോകകപ്പ് നേടിയ ദിദിയർ ദശാംപ്‌സിന് ഇനിയൊരു അവസരം ഫ്രാൻസ് നൽകുമോ എന്നത് ആവും ചോദ്യം. ഇങ്ങനെ പ്രധാനപ്പെട്ട കാലഘട്ടം ആണ് ഈ മൂന്നു വമ്പൻ ടീമുകൾക്കും ഇനിയുള്ള ദിനങ്ങൾ.