ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടാൻ ആകും എന്ന് റാഷ്ഫോർഡ്

യൂറോ കപ്പ് നേടാൻ ഉള്ള കഴിവ് ഇംഗ്ലീഷ് ദേശീയ ടീമിന് ഉണ്ട് എന്ന് യുവ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ്. കഴിഞ്ഞ ലോകകപ്പിൽ റാഷ്ഫോർഡ് അടക്കമുള്ള ഇംഗ്ലണ്ട് സെനി ഫൈനൽ വരെ എത്തിയിരുന്നു. 2018നേക്കാൾ നല്ല രീതിയിൽ ഒരുങ്ങിയാണ് ഇംഗ്ലണ്ട് ഇത്തവണ ടൂർണമെന്റിന് എത്തുന്നത് എന്ന് റാഷ്ഫോർഡ് പറഞ്ഞു. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇംഗ്ലീഷ് ടീമായിരിക്കും ഇത്തവണത്തേത് എന്ന് റാഷ്ഫോർഡ് പറയുന്നു.

കഴിഞ്ഞ തവണ ആദ്യമായായിരുന്നു ഇംഗ്ലണ്ട് സെനി ഫൈനലിൽ എത്തിയത്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്ന് ഉറപ്പില്ലായിരുന്നു. സെമിയിൽ അറ്റാക്ക് അറ്റാക്ക് എന്നത് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ സമീപനം. അതിനിടയിൽ പല പ്രധാന കാര്യങ്ങളും മറന്നു പോയി എന്ന് റാഷ്ഫോർഡ് പറഞ്ഞു. ഇത്തവണ ടീമിന് നല്ല ബാലൻസ് ഉണ്ട് എന്നും കിരീടം നേടാൻ ടീമിൽ ബാലൻസ് നിർബന്ധമാണെന്നും റാഷ്ഫോർഡ് പറഞ്ഞു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ആണ് ഇംഗ്ലണ്ട് നേരിടേണ്ടത്. ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനം കൂടിയാകും ഈ മത്സരം.