കൊസോവോയെ ഗോളിൽ മുക്കി ഇംഗ്ലണ്ട്

യൂറോപ്യൻ യോഗ്യത പോരാട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ കൊസോവോയെ ഗോളിൽ മുക്കി ഇംഗ്ലണ്ട്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നേരത്തെ മോണ്ടിനെഗ്രോയെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ച ഇംഗ്ലണ്ട് യൂറോ യോഗ്യത ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ഒരു മത്സരം പോലും തോൽക്കാതെയാണ് ഇംഗ്ലണ്ട് യോഗ്യത ഉറപ്പിച്ചത്. 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ആദ്യ പകുതിയിൽ ടോട്ടൻഹാം താരം ഹാരി വിങ്ക്സ് ആണ് ഗോൾ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. എന്നാൽvരണ്ടാമത്തെ ഗോൾ നേടാൻ ഇംഗ്ലണ്ട് 79മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മറ്റൊരു ടോട്ടൻഹാം താരമായ ഹാരി കെയ്ൻ ആണ് രണ്ടാമത്തെ ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ ഹരി കെയ്‌നിനായി. തുടർന്ന് 83മത്തെ മിനുട്ടിൽ റാഷ്‌ഫോർഡും മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മേസൺ മൗണ്ടും ഗോൾ നേടി ഇംഗ്ലണ്ടിന്റെ ജയം ഗംഭീരമാകുകയായിരുന്നു. ഇംഗ്ലണ്ട് ജേഴ്സിയിൽ മൗണ്ടിന്റെ ആദ്യ ഗോളായിരുന്നു ഇത്.