കരുത്ത് വീണ്ടെടുത്ത് ഡെന്മാർക്ക് ഇന്ന് ബെൽജിയത്തിന് എതിരെ

യൂറോ കപ്പിൽ ഇന്ന് ഡെന്മാർക്കും ബെൽജിയവും നേർക്കുനേർ വരും. ആദ്യ മത്സരത്തിൽ ഫിൻലാൻഡിനോട് പരാജയപ്പെട്ട ഡെന്മാർക്ക് മാനസിക കരുത്ത് വീണ്ടെടുത്താകും ഇന്ന് കോപൻഹേഗനിൽ ഇറങ്ങുക. എറിക്സൺ കുഴഞ്ഞ് വീണതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യമായി ബാധിച്ചത് ആയിരുന്നു ഫിൻലാൻഡിനെതിരായ മത്സരത്തിൽ ഡെന്മാർക്കിനെ തോൽവിയിലേക്ക് നയിച്ചത്. ഇന്ന് എറിക്സൺ ഉണ്ടാവില്ല എങ്കിലും എറിക്സണ് വേണ്ടിയാകും ഡെന്മാർക്ക് പോരിനിറങ്ങുന്നത്.

ആദ്യ മത്സരത്തിൽ റഷ്യയെ തകർത്ത ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ മറികടക്കുക ഡെന്മാർക്കിന് എളുപ്പമാകില്ല. അവസാന രണ്ടു തവണ നാഷൺസ് ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു മത്സരവും ബെൽജിയം ആയിരുന്നു വിജയിച്ചത്. ഇരട്ട ഗോളുമായി റഷ്യക്ക് എതിരെ തിളങ്ങിയ ലുകാകു തന്നെയാകും ബെൽജിയത്തെ ഇന്നും നയിക്കുക. പരിക്ക് മാറിയ ഡി ബ്രുയിനും വിറ്റ്സലും ഇന്ന് ബെൽജിയം സ്ക്വാഡിൽ ഉണ്ടാകും. ഹസാർഡ് ആദ്യ ഇലവനിൽ എത്താനും സാധ്യതയുണ്ട്. പരിക്കേറ്റ കാസ്റ്റാനെക്ക് പകരം മുനിയർ ആദ്യ ഇലവനിൽ എത്തും. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്‌വർക്കിൽ കാണാം.