5-3-2 ഫോർമേഷനിൽ തന്നെ ഹോളണ്ട് കളിക്കും എന്ന് ഫ്രാങ്ക് ഡി ബോർ

പ്രതിഷേധങ്ങൾ ഏറെ ഉയരുന്നുണ്ട് എങ്കിലും 5-3-2 ഫോർമേഷനിൽ തന്നെ ഹോളണ്ട് കളിക്കും എന്ന് ഫ്രാങ്ക് ഡി ബോർ പറഞ്ഞു. ഇന്ന് യുക്രെയിനെതിരെ ആംസ്റ്റർഡാമിൽ വെച്ച് നേരിടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫ്രാങ്ക് ഡി ബോഫ്. 5-3-2 ഫോർമേഷൻ ടീമിനെ മികച്ച രീതിയിൽ സഹായിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ഡി ബോർ പറഞ്ഞു.

ഹോളണ്ട് എന്നും മികച്ച രീതിയിൽ കളിച്ചിട്ടുള്ളത് 4-3-3 ഫോർമേഷനിൽ ആയിരുന്നു. ഈ ഫോർമേഷൻ തിരികെ കൊണ്ടു വരണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. 2020 സെപ്റ്റംബറിൽ റൊണാൾഡ് കോമാൻ ചുമതല ഒഴിഞ്ഞത് മുതൽ നെഗറ്റീവ് ഫുട്ബോൾ ആണ് ഡി ബോറിന് കീഴിൽ ഓറഞ്ച് പട കളിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇന്നലെ ഡച്ച് പരിശീലന ക്യാമ്പിനു മുകളിലൂടെ 4-3-3 ഫോർമേഷനിൽ കളിക്കുക എന്ന ബാന്നറുമായി ആരാധകർ ഹെലികോപ്റ്റർ പറത്തിയിരുന്നു.

എന്നാൽ ടീമിന് ഇപ്പോൾ തന്നെ ഡിഫൻഡേഴ്സ് കുറവാണെന്നും ഉള്ള താരങ്ങളെ വെച്ച് കളിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഫോർമേഷൻ ഇതാണെന്നും ഡി ബോർ പറഞ്ഞു. 5-3-2 കളിക്കുമ്പോൾ വിങ് ബാക്സിന് കൂടുതൽ അറ്റാക്ക് ചെയ്യാൻ ആകും എന്നുൻ ഇത് നെഗറ്റീവ് ഫുട്ബോൾ അല്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരങ്ങൾ വരെ ഡി ബോറിന്റെ ഫോർമേഷനിൽ അതൃപ്തരാണ് എന്നാണ് ഹോളണ്ടിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.