ഇന്ത്യൻ അണ്ടർ 15 ക്യാമ്പിലേക്ക് അഞ്ചു മലയാളികൾ, നാലു താരങ്ങളും റെഡ് സ്റ്റാറിൽ നിന്ന്

Newsroom

ഗോവയിൽ നടക്കുന്ന ഇന്ത്യൻ അണ്ടർ 15 ക്യാമ്പിലേക്ക് അഞ്ചു മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. റെഡ്സ്റ്റാർ എഫ് സിയുടെ നാലു താരങ്ങൾക്കും മുത്തൂറ്റ് എഫ് എയുടെ ഒരു താരത്തിനും ആണ് ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന U16 ഇന്ത്യന്‍ ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് ഈ താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.

റെഡ് സ്റ്റാർ എഫ് സിയുടെ താരങ്ങളായ അഭി വിനായക്, ആദില്‍ അഷ്റഫ് , ഷിജാസ് TP, മുഹമ്മദ് മുര്‍ഷിദ് എന്നിവരും, മുത്തൂറ്റ് എഫ് എയുടെ അഫ്താബ് Mനും ആണ് സെലക്ഷന്‍ ലഭിച്ചത്. അഫ്താബ് സ്ട്രൈക്കറായാണ് കളിക്കുന്നത്. ലെഫ്റ്റ് വിങ് ബാക്കായാണ് തൃശൂർ സ്വദേശിയായ അഭി വിനായക് കളിക്കുന്നത്. കോഴിക്കോട് നിന്നുള്ള ആദില്‍ അഷ്റഫ് മിഡ്ഫീല്‍ഡറാണ്, സ്ട്രൈക്കറായ ഷിജാസ് ടി പിയും, ഗോൾ കീപ്പറായ മുഹമ്മദ് മുര്‍ഷിദും മലപ്പുറം സ്വദേശികളാണ്.

എട്ടാം തീയതി മുതൽ ഗോവയിലാണ് ക്യാമ്പ് നടക്കുക. മെയ് 15 വരെ ക്യാമ്പ് നീണ്ടു നിൽക്കും.