തിരുവനന്തപുരത്തിന് ആദ്യ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ്

Newsroom

തിരുവനന്തപുരത്തിൻ അങ്ങനെ ആദ്യമായി ഒരു ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ്. തിരുവനന്തപുരത്തെ ഫുട്ബോൾ കൂട്ടായ്മയായ ഫ്രൈഡേ ഫുട്ബോൾ ക്ലബ് ആണ് തലസ്ഥാനത്ത് ആദ്യത്തെ ആർട്ടിഷ്യൽ ഫുട്ബോൾ ടർഫ് ഉള്ള ഇൻഡോർ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. കഴക്കൂട്ടത്താണ് രണ്ട് ദിവസം മുമ്പ് ഈ സംരംഭത്തിന് തുടക്കമായത്. 5സ് കളിക്കാൻ സൗകര്യമുള്ള ടർഫ് ആണ് ഒരുക്കിയിട്ടുള്ളത്.

ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ബാലഗോപാൽ സദാശിവനും ജിനു ബാബുവുമാണ് ഇതിന് പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്. എൺപതു സെന്റിൽ അധികമുള്ള സ്ഥലത്താണ് ഫ്രൈഡേ ഫുട്ബോൾ അറീന എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ഐടി മേഖലയിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്കും തിരുവനന്തപുരത്തുകാരായ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും ഈ ടർഫ് മിതമായ നിരക്കിൽ ഫുട്ബോൾ കളിക്കാനായി തുറന്നു കൊടുക്കും.

കഴിഞ്ഞ ദിവസം ആരംഭിച്ച ഫുട്സാൽ 2018 എന്ന ഫൈവ്സ് ടൂർണമെന്റോടെയാണ് ഈ ടർഫിന്റെ ഉദ്ഘാടനം കഴിഞ്ഞത്. വിദേശത്ത് നിന്ന് കൊണ്ടു വന്ന കൃതൃമ പുല്ലാണ് പിച്ച് ഒരുക്കാനായി ഉപയോഗിച്ചത്. നാല്പ്പതു ലക്ഷത്തോളമാണ് ഈ ഫൈവ്സ് ഗ്രൗണ്ടിനായി ഇതുവരെ ചിലവഴിച്ചിരിക്കുന്നത്. സമാനമായ ഒരു ഗ്രൗണ്ട് കൂടെ ഇതിന് തൊട്ടടുത്ത് നിർമ്മാണത്തിൽ ഉണ്ട്. അതും ഉടൻ തന്നെ സജ്ജമാകും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് ആണ് ഗ്രൗണ്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഈ ഗ്രൗണ്ടിൽ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് പരിശീലനം നൽകാനുള്ള പദ്ധതിയും ഫ്രൈഡേ ഫുട്ബോൾ ക്ലബ് അധികൃതർ ആലോചിക്കുന്നുണ്ട്.