ഓസിലിന് പൂർണ പിന്തുണയുമായി തുർക്കി പ്രസിഡന്റ് ഏർദോഗൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമ്മൻ മിഡ്ഫീൽഡർ മെസൂത് ഓസിലിന് പൂർണ പിന്തുണയുമായി തുർക്കി പ്രസിഡന്റ് ഏർദോഗൻ രംഗത്തെത്തി. വർണ വിവേചനം നടത്തിയ ടീമിൽ നിന്നും ഓസിൽ വിരമിച്ചത് നന്നായെന്ന് പറഞ്ഞ ഏർദോഗൻ മെസൂത് ഓസിലുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെനും മാധ്യമങ്ങളോട് അറിയിച്ചു. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തന്റെ ടർക്കിഷ് വംശീയതയെ അവഹേളിച്ചുള്ള എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് ഓസിൽ ജർമ്മൻ ടീമിൽ നിന്നും വിരമിച്ചത്.

ലോകകപ്പിന് മുൻപ് തുർക്കി പ്രസിഡന്റ് ഏർദോഗനെ ഓസിലും സഹ താരം ഗുണ്ടകനും സന്ദർശിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. തന്റെ പ്രെസിഡെൻഷ്യൽ ക്യാമ്പെയിനിൽ സൂപ്പർ താരങ്ങളുമായിട്ടുള്ള ചിത്രം ഏർദോഗൻ രാഷ്ട്രീയപരമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഏർദോഗൻ ജയിച്ചതിനു പിന്നാലെ ശക്തമായ എതിർപ്പാണ് ജർമ്മൻ രാഷ്ട്രീയ കക്ഷികളിൽ നിന്നും ആരാധകരിൽ നിന്നും ഉയർന്നത്. ലോകകപ്പ് ജേതാവായ താരത്തെ ആരാധകർ കൂവി വിളിക്കുന്ന സ്ഥിതിവരെയുണ്ടായി. എങ്കിലും ജർമ്മൻ ദേശീയ ടീമും കോച്ചും ഓസിലിനും ഗുണ്ടകനും ഒപ്പമായിരുന്നു.

ജർമ്മനി ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. 23 അംഗ ടീമും പരിശീലകനും അടങ്ങുന്ന ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ ബലിയാടായത് ഓസിലായായിരുന്നു. ഓസിലിനെ വിമർശിക്കുന്നവർ ഗുണ്ടകനെ തഴഞ്ഞതും അത് കൊണ്ട് തന്നെയാണ് . ജർമ്മൻ മാധ്യമങ്ങൾ തോൽവിക്ക് കാരണങ്ങൾ തിരയാതെ കാര്യങ്ങൾ ഓസിലിന് മേൽ കെട്ടിവെക്കാൻ കാണിച്ച തിടുക്കം മലയാള മുഖ്യധാര മാധ്യമങ്ങളെയും കവച്ച് വെക്കും വിധമായിരുന്നു. ന്യൂയറും മുള്ളറും ക്രൂസുമടക്കമുള്ള താരങ്ങൾ വിമർശമേറ്റു വാങ്ങാതെ ഓസിലിന്റെ മറവിൽ രക്ഷപ്പെട്ടു.

പ്ലെയിങ് ഇലവനിൽ അധികവും ബയേൺ മ്യൂണിക്ക് താരങ്ങളായിരുന്നെങ്കിലും ബയേൺ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ് വിമർശിക്കുമ്പോൾ ഉന്നം മെസൂത് ഓസിൽ മാത്രമായിരുന്നു. ജർമ്മൻ ഫുട്ബോൾ അസോസിയേഷനേക്കാളും ഒരു പടികൂടി കടന്നു 2014 ലോകകപ്പിന് മുൻപാണ് ഓസിൽ അവസാനമായി ഒരു ടാക്കിൾ വിജയിച്ചതെന്ന് പറഞ്ഞു വെക്കുകയും ചെയ്തു. മെസൂത് ഓസിലിന്റെ ആരാധകർ അതിനുള്ള മറുപടി സമൂഹമാധ്യമങ്ങളില് കൂടെ നൽകുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial