തുർക്കിയിലെ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടിരുന്ന മുൻ ചെൽസി/ന്യൂകാസിൽ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ ജീവനോടെ രക്ഷപ്പെടുത്തി. അറ്റ്സുവിന്റെ തുർക്കി ക്ലബ് തന്നെ ഈ വിവരം ഇന്ന് പങ്കുവെച്ചു. തിങ്കളാഴ്ച പുലർച്ചെ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ കെട്ടിടം തകർന്ന് താരം അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുക ആയിരുന്നു. ഭൂകമ്പം നടക്കുമ്പോൾ 31-കാരനായ ഘാന താരം ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിന്റെ ഒമ്പതാം നിലയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ സമ്മറിൽ ആയിരുന്നു താരം ഹാറ്റെയ്‌സ്‌പോറിന് വേണ്ടി സൈൻ ചെയ്തത്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകർ ഇന്നലെ രാത്രിയിൽ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ തിരച്ചൽ നടത്തുമ്പോൾ അറ്റ്സുവിന്റെ ശബ്ദം കേട്ടതാണ് രക്ഷപ്പെടുത്തലിൽ വഴിത്തിരിവായത്. .
ഹറ്റെയ്‌സ്‌പോറിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ ടാനർ സാവുട്ടും അറ്റ്സുവിന്റെ ഒപ്പം ഉണ്ടായിരുന്നു. ഇതുവരെ സ്പോർടിംഗ് ഡയറക്ടറെ രക്ഷിക്കാൻ ആയിട്ടില്ല. ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ പരിക്കുകളോടെയാണ് പുറത്തെടുത്തതെന്ന് ഹറ്റെസ്‌പോർ വക്താവ് മുസ്തഫ ഒസാറ്റ് പറഞ്ഞു.
ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് മുമ്പ്, അറ്റ്സു ശനിയാഴ്‌ച തന്റെ ടീമിനെ ഇഞ്ച്വറി ടൈമിൽ ഗോൾ നേടി ജയിപ്പിച്ചിരുന്നു. മുമ്പ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നു എങ്കിലും അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല. എന്നാൽ പിന്നീട് ന്യൂകാസിലിൽ കളിച്ച് മികച്ച പ്രകടനം നടത്തിയിരുന്നു.