ലെസ്റ്റർ സിറ്റി വിട്ട യൂരി ടീലെമൻസ് ഇനി ആസ്റ്റൻ വില്ല താരം. ലെസ്റ്ററുമായുള്ള കരാർ കഴിഞ്ഞ ദിവസം അവസാനിച്ച് ഫ്രീ ഏജന്റ് ആയ താരത്തെ ടീമിൽ എത്തിച്ചതായി ആസ്റ്റൻവില്ലയുടെ പ്രഖ്യാപനം എത്തി. നാല് വർഷത്തെ കരാർ ആണ് ബെൽജിയൻ താരം പുതിയ ക്ലബ്ബിൽ ഒപ്പിട്ടിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് തന്നെ കൈമാറ്റ നടപടികൾ ടീം പൂർത്തിയാക്കിയിരുന്നു. ലെസ്റ്ററിലെ പോലെ എട്ടാം നമ്പർ ജേഴ്‌സി ആണ് താരത്തിന് ആസ്റ്റൻ വില്ല നൽകുക.
ട്രാൻസ്ഫർ വിൻഡോയിലെ ഇംഗ്ലീഷ് ടീമിന്റെ ആദ്യ സൈനിങ് ആണ് ടീലെമൻസ്. ഉനയ് ഉമരിക്ക് വേണ്ടി കരുത്തുറ്റ ടീമിനെ ഒരുക്കുന്ന മാനേജ്‌മെന്റ് മികച്ച തരകൈമാറ്റങ്ങൾക്കുള്ള ഒരുക്കത്തിൽ ആണ് വരും ദിവസങ്ങളിൽ. പാവോ ടോറസിനെ എത്തിക്കാൻ ധാരണയായി കഴിഞ്ഞു. എന്നാൽ ഈ കൈമാറ്റം അടുത്ത വാരത്തോടെയെ പൂർത്തിയാവൂ എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. നാലര വർഷത്തെ ലെസ്റ്റർ വാസത്തിന് ശേഷം പുതിയൊരു വെല്ലുവിളിയാണ് മുൻപിൽ ഉള്ളതെന്ന് ടീലെമൻസ് പ്രതികരിച്ചു. കോച്ച് ഉനയ് ഉമരിക്ക് തന്റെ തീരുമാനത്തിൽ വലിയ സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയ താരം, കോച്ചുമായി കുറഞ്ഞ സമയം സംസാരിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ പദ്ധതികളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും തനിക്ക് മനസിലാക്കാൻ സാധിച്ചെന്നും കൂട്ടിച്ചേർത്തു.