പരിക്കേറ്റ മാനുവൽ ന്യൂയറിനായുള്ള ബയേണിന്റെ നീക്കങ്ങൾ അതിവേഗം മുന്നോട്ട്. സ്വിസ് താരം യാൻ സോമ്മറുമായിട്ടും ടീം ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മോഞ്ചൻഗ്ലാഡ്ബാക് താരമായ കീപ്പറുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അതിനാൽ തന്നെ കുറഞ്ഞ കൈമാറ്റ തുകയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അനുഭവസമ്പത്തുള്ള താരത്തെ എത്തിക്കാം എന്നതിനാൽ ആണ് താരം ബയേണിന്റെ പരിഗണനയിൽ വന്നത്. എന്നാൽ ചർച്ചകൾ കാര്യമായി പുരോഗമിച്ചിട്ടില്ല. സീസണോടെ ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ നേരത്തെ ഇന്ററും കണ്ണു വെച്ചിട്ടുള്ളതായി റിപോർട്ടിൽ പറയുന്നു.
അതേ സമയം മൊണാക്കോയിൽ നിന്നും ന്യുബലിനെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും ബയെൺ തുടരുന്നുണ്ട്. ന്യുബലിന് തന്നെയാണ് ആദ്യ പരിഗണന. എന്നാൽ ഈ നീക്കം വളരെ ദുഷ്കരമാകും എന്നുറപ്പുള്ളതിനാലാണ് ക്ലബ്ബ് മറ്റ് നീക്കങ്ങളും സമാന്തരമായി നടത്തുന്നത്. ജനുവരിയിൽ ക്ലബ്ബ് ഫുട്ബോൾ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ കീപ്പറെ കണ്ടെത്തേണ്ടതായുണ്ട് ബയേണിന്. എട്ട് വർഷത്തിലധികമായി മോഞ്ചൻഗ്ലാഡ്ബാക് വലകാക്കുന്ന സോമ്മർ ഇത്തവണ ടീം വിടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ലീഗിൽ അനുഭവസമ്പത്തുള്ള താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ബയേണിന് വലിയൊരു ആശ്വാസമാകും.