ലയണൽ മെസ്സിയുടെ തിരിച്ചുവരവിൽ പ്രതീക്ഷ അർപ്പിച്ച് സാവിയും. താൻ മെസ്സിയുടെ സുഹൃത്ത് കൂടി ആണെന്നും പ്രതീക്ഷിക്കുന്ന പോലെ താരത്തിന്റെ തിരിച്ചു വരവ് സംഭവിക്കട്ടെ എന്നും സാവി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ടീമിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്നും സാവി പറഞ്ഞു. എൽഷേയുമായുള്ള ബാഴ്‌സയുടെ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇത് ലിയോയെ കുറിച്ചു സംസാരിക്കാൻ ഉള്ള സമയമാണെന്ന് തോന്നുന്നില്ല. ഞങ്ങൾക്കിടയിൽ സൗഹൃദമുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. താൻ അത് വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്. ബാഴ്‌സയെ അദ്ദേഹം ജീവനുതുല്യം സ്നേഹിക്കുന്നു. മൈക്കൽ ജോർദാനെ പോലെ ഒരു വിടവാങ്ങൽ ആണ് ആരാധകരും മെസ്സിക്ക് വേണ്ടി ആഗ്രഹിക്കുന്നത്”. സാവി പറഞ്ഞു.
.
എന്നാൽ ഇപ്പോൾ ഈ വിഷയത്തിനെ കുറിച്ചല്ല സംസാരിക്കേണ്ടത് എന്ന് സാവി വീണ്ടും ചൂണ്ടിക്കാണിച്ചു. അത് മെസ്സിക്കും ഗുണകരമാവില്ല. “ഒരു മാസത്തിനുള്ളിൽ രണ്ടു കിരീടങ്ങൾ നേടാനുള്ള തയ്യാറെപ്പിൽ ആണ് ഞങ്ങൾ. അത് കൊണ്ട് തന്നെ മെസ്സിയുടെ ട്രാൻസ്ഫെറിനെ കുറിച്ചല്ല ഇപ്പോൾ സംസാരിക്കേണ്ടത്. പക്ഷെ തീർച്ചയായും അദ്ദേഹത്തെ താൻ ഇഷ്ടപ്പെടുന്നു. മെസ്സി കളിച്ച് വളർന്നത് തന്റെ കണ്മുന്നിൽ ആണ്. എന്നാൽ ഇതിൽ തനിക്കൊന്നും ചെയ്യാൻ ഇല്ല. തിരിച്ചു വരവ് പൂർണമായും മെസ്സിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.” സാവി തുടർന്നു, “നാളെ മത്സരം വിജയിച്ചാൽ മാഡ്രിഡിന് 15 പോയിന്റ് മുകളിൽ തങ്ങൾക്ക് എത്താൻ സാധിക്കും, ബുധനാഴ്ച കപ്പ് മത്സരവും കാതിരിക്കുന്നു. പക്ഷെ നമ്മൾ ഇപ്പോഴും അടുത്ത സീസണിലെ ട്രാൻസ്ഫെറിനെ കുറിച്ചാണ് സംസാരിക്കുന്നത്”. എൽഷേ മത്സരത്തിലും കപ്പ് മത്സരത്തിലും ആണ് തന്റെ പൂർണ ശ്രദ്ധ എന്ന് സാവി പറഞ്ഞു.