മുന്നേറ്റ താരം വില്ലിയൻ അടുത്ത സീസണിലും ഫുൾഹാമിൽ തുടരുമെന്ന് ഉറപ്പായി. ടീമിനോടൊപ്പം ഒരു സീസണിലേക്ക് കൂടിയാണ് കരാർ ഒപ്പിടുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റിൽ നിന്നും സൗദിയിൽ നിന്നും താരത്തിന് വേണ്ടി ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ഫുൾഹാമിൽ തന്നെ മറ്റൊരു വർഷം കൂടി ചെലവഴിക്കാൻ ആയിരുന്നു വില്ലിയന്റെ തീരുമാനം. നേരത്തെ കൊറിന്ത്യൻസിൽ നിന്നായിരുന്നു താരം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഫുൾഹാമിൽ എത്തിയ ശേഷം മികച്ച പ്രകടനമാണ് ബ്രസീലിയൻ താരം പുറത്തെടുക്കുന്നത്. എന്നാൽ സീസണിന് ശേഷം ടീം ആദ്യം മുന്നോട്ടു വെച്ച പുതിയ കരാർ തള്ളിയ താരം കൂടുമാറുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. നോട്ടിങ്ഹാം രണ്ടു വർഷത്തെ കരാറും കൂടുതൽ തുകയും ഓഫർ ചെയ്തതോടെ അവരുടെ ക്ലബ്ബിൽ താരം സന്ദർശനം നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. ഫുൾഹാമിന്റെ ഓഫർ തന്നെ സ്വീകരിക്കാൻ വില്ലിയൻ തീരുമാനിച്ചു. മുൻ നിരയിൽ മിത്രോവിച്ചിനെ നഷ്ടപ്പെടുമെന്ന് ഉറപ്പായ ഫുൾഹാമിന് വില്ലിയനെ നിലനിർത്താൻ സാധിക്കുന്നത് നേട്ടമായി. കഴിഞ്ഞ സീസണിലെ അതേ വരുമാനം വീണ്ടും ഓഫർ ചെയ്ത ഫുൾഹാം പിന്നീട് ഇത് വർധിപ്പിച്ചതായും അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
Download the Fanport app now!