ക്രിസ്റ്റൽ പാലസിന്റെ ഫോർവേഡ് വിൽഫ്രഡ് സാഹ ക്ലബ് വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചു. താരത്തെ വിൽക്കില്ല എന്നു ക്രിസ്റ്റൽ പാലസ് ഔദ്യോഗികമായി അറിയിച്ചു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് എവർട്ടണടക്കമുള്ള ക്ലബുകൾ സാഹയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷെ പാലസ് താരത്തെ വിട്ടു നൽകിയില്ല.
നേരത്തെ ആഴ്സണൽ 69 മില്യണോളം വാഗ്ദാനം ചെയ്തിട്ടും സാഹയെ വിൽക്കാൻ പാലസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം അഞ്ചു കൊല്ലത്തേക്ക് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ച സാഹയാണ് പക്ഷെ കഴിഞ്ഞ മാസം ക്ലബ് വിടണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സാഹയുടെ ആവശ്യം ക്ലബ് അംഗീകരിക്കില്ല എന്ന് തുടക്കത്തിൽ തന്നെ മാനേജ്മെന്റ് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 10 ഗോളുകളും 10 അസിസ്റ്റും സാഹ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് സീസണുകളിലും ക്രിസ്റ്റൽ പാലസിന്റെ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയ താരമാണ് സാഹ.
12ആം വയസ്സ് മുതൽ ക്രിസ്റ്റൽ പാലസ് ക്ലബിനൊപ്പം ഉള്ള താരമാണ്. 2010ൽ പാലസിനായി സീനിയർ അരങ്ങേറ്റം നടത്തിയ സാഹ ഇതുവരെ 288 മത്സരങ്ങൾ പാലസിനായി കളിച്ചിട്ടുണ്ട് 44 ഗോളുകളും ഈ കാലയളവിൽ ക്ലബിനായി നേടി. ഇതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും താരം എത്തിയിരുന്നു എങ്കിലും മാഞ്ചസ്റ്ററിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായില്ല.